അതിവേഗ റെയില്‍ വരട്ടെ, പിന്തുണച്ച് വി ഡി സതീശന്‍: വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലം


എറണാകുളം: മെട്രോമാന്‍ ഈ ശ്രീധരന്‍റെ മേല്‍നോട്ടത്തില്‍ കേന്ദ്രം മുന്നോട്ട് വെക്കുന്ന അതിവേഗ റെയില്‍പാതയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'അതിവേഗ റെയില്‍ വരട്ടെ, സില്‍വർ ലൈനിനെ എതിർത്തത് പാരിസ്ഥിതകവും സാമ്പത്തികവുമായ വിഷയങ്ങളുടെ പേരിലാണ്. കൃത്യമായ ഒരു ഡിപിആർ സർക്കാറിന് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ആ എതിർപ്പിന്‍റെ അർത്ഥം കേരളത്തില്‍ അതിവേഗ റെയില്‍ വേണ്ട എന്നല്ല. ബദലുകള്‍ പരിശോധിക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഇവര്‍ റെയിലു കൊണ്ടുവരാന്‍ പോകുന്നു എന്നു പറഞ്ഞു ആളുകള്‍ ബിജെപിക്ക് വോട്ടു ചെയ്യുമോ?. അങ്ങനെയൊന്നുമില്ല. അതി വേഗ റെയിലിന്റെ പ്രൊപ്പോസല്‍ വരട്ടെ. ഡിപിആര്‍ തയ്യാറാക്കട്ടെ. ഇത്തരം പദ്ധതികള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം വേണം. സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണ്. 30 അടി ഉയരത്തില്‍ എംബാഗ്മെന്റ് പണിതുവെച്ചാല്‍ കേരളം എവിടെപ്പോകുമെന്നും അദ്ദേഹം ചോദിച്ചു. പറവൂർ മണ്ഡലത്തില്‍ പുനർജനി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്‍റെ തറക്കല്ലിടല്‍ കർമ്മം പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച മറ്റൊരു വീടിനും തറക്കല്ല് ഇടും. പലരുടെയും സ്പോൺസർഷിപ്പിലൂടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രാദേശികമായിട്ടുള്ള കരാറുകാരന് സ്പോൺസർ നേരിട്ടാണ് പണം കൊടുക്കുന്നത്. ആരെങ്കിലും കേസ് കൊടുത്തതിനാല്‍ ഞാന്‍ അത് വഴിയിലാക്കേണ്ട കാര്യമൊന്നുമില്ല. അത് ഞാന്‍ അർഹരായവരോട് ചെയ്യുന്ന ദ്രോഹമല്ലേ. 230ന് മുകളില്‍ വീടുകള്‍ പൂർത്തീകരിക്കപ്പെട്ടുവെന്നാണ് എന്റെ കണക്ക് ഒരു അഞ്ചോ പത്തോ എണ്ണത്തിന്‍റെ വ്യത്യാസമെ വരികയുള്ളുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഴിഞ്ഞ തുറമുഖ വിഷയത്തില്‍ ഇടതുപക്ഷം നടത്തുന്ന അവകാശവാദം വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഇന്നലെ അവിടുത്തെ ഉദ്ഘാടന വേളയിൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. ഞങ്ങള്‍ പൂർണമായ പിന്തുണയാണ് പദ്ധതിക്ക് വാഗ്ദാനം ചെയ്തത്. രണ്ടാം ഘട്ട വികസനത്തിലും ഉദ്ഘാടനത്തിലും ഒക്കെ പ്രതിപക്ഷം പങ്കെടുത്തു, പൂർണമായി സഹകരിച്ചു. എന്നാല്‍ അവിടെ ഇന്നലെ ഇതിന്റെ എല്ലാം അവകാശവാദം ഉന്നയിച്ച മുഖ്യമന്ത്രി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് 2014ൽ തുറമുഖത്തിന് തറക്കല്ലിടുന്നത്. ആ ഉദ്ഘാടന കർമ്മം അന്നത്തെ പ്രതിപക്ഷം ബഹിഷ്കരിച്ചു. 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ്, ഇത് അഴിമതിയാണ്, കടൽ കൊള്ളയാണ് എന്ന് അവർ ആക്ഷേപിച്ച പദ്ധതിയായിരുന്നു വിഴിഞ്ഞം. അതിനെയെല്ലാം മറികടന്നാണ് ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമായി തുറമുഖം അവിടെ ഇന്ന് ഉയർന്നു വന്നിരിക്കുന്നത്. ആ ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ പറ്റുമോ. 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതി എന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇന്നലെ വിഴിഞ്ഞത്തിന്റെ മുഴുവൻ അവകാശവാദം ഏറ്റെടുക്കുന്നത്. എന്തൊരു വിരോധാഭാസമാണെന്ന് ആലോചിച്ച് നോക്കൂ. യുഡിഎഫ് ഭരണകാലത്ത് 90 ശതമാനം സ്ഥലം ഏറ്റെടുത്തു. ബാക്കി 10% സ്ഥലം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2019ൽ പൂർത്തിയാക്കേണ്ട പദ്ധതി 2024 ലാണ് പൂർത്തിയാക്കിയത്. അഞ്ച് കൊല്ലം വൈകി. അതിനുശേഷം 2019 ൽ തന്നെ റോഡ് ഔട്ട് റീച്ച് പൂർത്തിയാക്കണം എന്ന് പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ അതും പൂർത്തിയാക്കിയില്ല . ഔട്ട്റീച്ച് റെയിൽവേ പൂർത്തിയാക്കണം എന്ന് പറഞ്ഞു അതും പൂർത്തിയായിട്ടില്ല. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അവിടെ ഒരു മത്സ്യബന്ധന തുറമുഖം നിർമ്മിക്കാം എന്ന് എഗ്രിമെന്റിൽ ഉള്ളതാണ്. മത്സ്യസംസ്കരണ പാർക്ക്, ഔട്ട് റിങ് റോഡ്, ഗ്രോത്ത് കോറിഡോർ തുടങ്ങിയ ആറുകാര്യങ്ങളില്‍ സർക്കാർ ഒന്നും ചെയ്തിട്ടില്ല.



Post a Comment

Previous Post Next Post

AD01