‘ആരാണ് പോറ്റിയെ കയറ്റിയത് ?’; ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് വരാൻ പ്രതിപക്ഷത്തിന് ഭയമെന്ന് കെ.കെ ശൈലജ


ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. ചർച്ച നടന്നാൽ വസ്തുതകൾ പുറത്തുവരുമെന്ന ഭയത്താലാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നെങ്കിൽ സർക്കാർ അതിന് അനുമതി നൽകുമായിരുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തെ പാളിച്ചകൾ പുറത്തുവരുമെന്ന് ഉറപ്പുള്ളതിനാലാണ് യുഡിഎഫ് ഇതിൽ നിന്നും പിൻവാങ്ങിയത്. ശബരിമലയിൽ പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല, എന്നാൽ കുറ്റം ചെയ്തപ്പോൾ അയാളെ ജയിലിലാക്കിയത് ഇടതുപക്ഷമാണ് എന്ന് കെ.കെ ശൈലജ വ്യക്തമാക്കി,. സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ളയിടത്ത് സോണിയാ ഗാന്ധിയോടൊപ്പം പോറ്റിയും സ്വർണ്ണം വാങ്ങിയ ആളും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്,. സോണിയാ ഗാന്ധിക്ക് ബ്രേസ്‌ലെറ്റ് അണിയിച്ചു നൽകുന്ന തരത്തിലുള്ള ഈ ബന്ധത്തെക്കുറിച്ച് എന്തുകൊണ്ടാണ് പ്രതിപക്ഷം മിണ്ടാത്തതെന്നും അവർ ചോദിച്ചു.

കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ നികുതി വിഹിതം നൽകുന്നില്ലെന്നും ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നുമുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഗവർണർ മന്ത്രിസഭ തയ്യാറാക്കിയ പ്രസംഗം വായിക്കാൻ ബാധ്യസ്ഥനാണെങ്കിലും അദ്ദേഹം അത് ലംഘിച്ചു. ബില്ലുകൾ ഒപ്പിടാതെ കെട്ടിക്കിടക്കുന്നതിനെതിരെ പോലും പ്രതിപക്ഷം ശബ്ദമുയർത്തുന്നില്ലെന്ന് ശൈലജ കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. കോടതിയുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും (എൻ വാസുവോ പത്മകുമാറോ ആയാലും) സർക്കാർ അവരെ സംരക്ഷിക്കില്ലെന്നും കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രതിപക്ഷം സഹകരിക്കുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസ്സപ്പെടുത്തുന്നത് ജനാധിപത്യപരമല്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post

AD01