നവീകരിച്ച പെരുവംപറമ്പ്- കല്ലുവയല്‍- നെല്ലിക്കാംപൊയില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 60 ശതമാനം റോഡുകൾ ഉന്നത നിലവാരത്തിലേക്കുയർത്താൻ കഴിഞ്ഞെന്നും പശ്ചാത്തല വികസനത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിക്കാൻ ഈ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. ഭാവി കേരളത്തിന് മുതൽക്കൂട്ടാകുന്ന ദേശീയപാത പൂർത്തിയാക്കുകയാണ്. വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. സ്വപ്നതുല്യമായ ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ ജനങ്ങളുടെ സഹകരണം ഇനിയുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കല്ലുവയല്‍ സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നടന്ന പരിപാടിയില്‍ കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി, ശിലാഫലകം അനാച്ഛാദനം ചെയ്തു. അഡ്വ.സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥിയായി.
തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയേയും ഉളിക്കല്‍ - ഇരിട്ടി റോഡിനേയും ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ റോഡ് 31 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ റോഡാണ് പത്ത് മീറ്റര്‍ വീതിയില്‍ നവീകരിച്ചത്. റോഡ് നവീകരണത്തിനായി നാട്ടുകാര്‍ സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്. പാര്‍ശ്വഭിത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ കള്‍വെര്‍ട്ടുകളും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേരാവൂര്‍, ഉളിക്കല്‍, മട്ടന്നൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് പരിഹാരമായത്.
കെ ആർ എഫ് ബി അസിസ്റ്റൻ്റ് എഞ്ചിനിയർ പി സനില റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ സുലേഖ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി സരള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ശ്രീജ, അഡ്വ. എം വിനോദ് കുമാർ, സിജി സണ്ണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി ഷംസുദീൻ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ കെ പ്രഭാകരൻ, ലിസമ്മ വർഗീസ്, പ്രസന്ന ദാസ്, കെ വി രാധാകൃഷ്ണൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി ഷിനോജ്, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റൻ്റ് എഞ്ചിനിയർ ടി കെ റോജി എന്നിവർ പങ്കെടുത്തു.
.jpg)






إرسال تعليق