കാട്ടാമ്പള്ളി പ്രദേശത്തെ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും

 


കണ്ണൂർ: ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളി പ്രദേശത്ത് ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിട്ട്. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചിറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിലും ചിറക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും എംഎൽഎ കെ വി സുമേഷിനും പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല കേന്ദ്രസർക്കാരിൻ്റെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വീടുകളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ഏറെക്കുറെ പൂർത്തിയായി വരുന്നു. തികച്ചും സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിന് 7516 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയത്. ഇത്രയും തുക സംസ്ഥാന സർക്കാരും ചെലവഴിക്കണം; എന്നാൽ സംസ്ഥാന സർക്കാർ ഒരു നയാ പൈസ പോലും ചെലവഴിച്ചില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഈ പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. രാജ്യത്താകമാനം 81% പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ ഈ പദ്ധതി ഭാഗികമായി നിൽക്കുന്നത്. കരാറുകാർക്ക് 6000 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെ നൽകിയില്ല. 

അറ്റകുറ്റപ്പണി തീർക്കാൻ പോലും വാട്ടർ അതോറിറ്റിയോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവുന്നില്ല. പരാതിയുമായി ഓഫീസിൽ പോകുന്നവരോട് കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞു തിരിച്ചയക്കുന്നു. ഇതിനെതിരായാണ് ബിജെപിയുടെ സമരം - കെ കെ വിനോദ് കുമാർ പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗവും ജില്ലാ സെക്രട്ടറിയുമായ അർജുൻ മാവിലക്കണ്ടി, ജില്ലാ വൈസ് പ്രസിഡണ്ട് ഒ കെ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കെ രൂപേഷ് സ്വാഗതവും എം പി ദിനേശൻ നന്ദിയും പറഞ്ഞു. പള്ളിക്കുളം മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ചിന് കെ മഹേഷ്, കെ ഗിരിധരൻ, ശ്രീജു പി, എം അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

AD01