ഹോളിവുഡ് സിനിമാ-സീരിയൽ പ്രേമികളുടെ പ്രിയങ്കരനായ താരം എറിക് ഡെയ്ൻ (53) അന്തരിച്ചു. ലോകമെമ്പാടും തരംഗമായ ‘ഗ്രേയ്സ് അനാട്ടമി’ (Grey’s Anatomy), ‘യൂഫോറിയ’ (Euphoria) എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. മാരകമായ എ.എൽ.എസ് രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 2025 ഏപ്രിലിലാണ് തനിക്ക് എ.എൽ.എസ് ആണെന്ന വിവരം എറിക് ലോകത്തെ അറിയിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ശരീരത്തിലെ പേശികളുടെ നിയന്ത്രണം ഇല്ലാതാക്കുന്ന ഒന്നാണ്. രോഗബാധിതനായ ശേഷവും ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. വാഷിംഗ്ടണിൽ നടന്ന മെഡിക്കൽ കോൺഫറൻസുകളിൽ രോഗിയായി എത്തിയ അദ്ദേഹം തന്റെ പോരാട്ടം ലോകത്തോട് തുറന്നുപറഞ്ഞു. “നിങ്ങളിൽ പലർക്കും എന്നെ ‘ഗ്രേയ്സ് അനാട്ടമി’യിലെ ഡോക്ടറായി അറിയാമായിരിക്കും, എന്നാൽ ഞാനിവിടെ നിൽക്കുന്നത് എ.എൽ.എസ് ബാധിച്ച ഒരു രോഗിയായിട്ടാണ്,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അന്ന് വലിയ ചർച്ചയായിരുന്നു.
പ്രിയപ്പെട്ട സുഹൃത്തുക്കളും ഭാര്യ റെബേക്ക ഗേഹാർട്ടും മക്കളായ ബില്ലി, ജോർജിയ എന്നിവരും അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ അരികിലുണ്ടായിരുന്നു. “തന്റെ യാത്രയിലുടനീളം എ.എൽ.എസ് ഗവേഷണങ്ങൾക്കും അവബോധത്തിനുമായി അദ്ദേഹം നിലകൊണ്ടു. തന്റെ മക്കളെ ജീവനതുല്യം സ്നേഹിച്ച ഒരു പിതാവായിരുന്നു അദ്ദേഹം,” എന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു. തന്റെ ജീവിതത്തിലെയും രോഗകാലത്തെയും അനുഭവങ്ങൾ കോർത്തിണക്കി ‘ബുക്ക് ഓഫ് ഡേയ്‌സ്: എ മെമ്മോയർ ഇൻ മൊമെന്റ്‌സ്’ (Book of Days: A Memoir in Moments) എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. 2026 ഏപ്രിലിൽ ഇത് പ്രസിദ്ധീകരിക്കാനിരിക്കെയാണ് താരത്തിന്റെ വിയോഗം. തന്റെ പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന കാലം മുതൽ രോഗബാധിതനായ നിമിഷം വരെയുള്ള കാര്യങ്ങൾ ഈ പുസ്തകത്തിലുണ്ട്.
ഭാര്യ റെബേക്ക ഗേഹാർട്ടും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. 2004-ൽ വിവാഹിതരായ ഇവർ ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും പിന്നീട് വീണ്ടും ഒന്നിച്ചു താമസിക്കുകയായിരുന്നു. ഹോളിവുഡിലെ കരുത്തുറ്റ ഒരു പ്രതിഭയെയാണ് എറിക് ഡെയ്‌നിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ അനുശോചനം രേഖപ്പെടുത്തി.
.jpg)


Post a Comment