മാടായി റസ്റ്റ് ഹൗസ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു


മാടായി റസ്റ്റ് ഹൗസിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു. നാല് കോടി രൂപ ചെലവിൽ 1055.17 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഒരു വി.വി.ഐ.പി മുറി, ഒരു വി.ഐ.പി മുറി, എട്ട് സാധാരണ മുറികൾ എന്നിവയുണ്ടാവും. കൂടാതെ അടുക്കള, ഡൈനിംഗ് ഏരിയ, സ്റ്റോർ റൂം, ലോബി, കെയർടേക്കർ മുറി എന്നിവയും മറ്റ് ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ നിലവിലെ കെട്ടിടം സംരക്ഷിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക. നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന മാടായിപ്പാറ, ചൂട്ടാട്-വയലപ്ര ടൂറിസം, മലബാർ റിവർ ക്രൂയിസ് ടൂറിസം, മാടായിക്കാവ്, മാടായിപ്പള്ളി, പെറ്റ് സ്റ്റേഷൻ എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്താണ് ആധുനിക രീതിയിലുള്ളതും കൂടുതൽ പേർക്ക് താമസിക്കാൻ പാകത്തിലുള്ളതുമായ പുതിയ കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, ജില്ലാ പഞ്ചായത്തംഗം എസ്.കെ.പി സക്കറിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി സത്യഭാമ, കെ.എൻ ഗീത, ബി നസീർ, അഡ്വ. കെ.വി രാധാകൃഷ്ണൻ, മാടായി ഗ്രാമപഞ്ചായത്തംഗം മണി പവിത്രൻ, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി സവിത, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എ.ടി.കെ സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി ഉണ്ണികൃഷ്ണൻ, ബാബുരാജേന്ദ്രൻ, ടി രാജൻ, സി.ബി.കെ സന്തോഷ്, പി ജനാർദ്ദനൻ, എം രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01