ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ?


ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ക്ക് അക്കാര്യം നിര്‍ബന്ധമാണ്. മറ്റ് ചിലരാകട്ടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളംകുടിക്കുന്നത് ഒഴിവാക്കും. ഇങ്ങനെ ചെയ്യുന്നത് ദഹനക്കേടിനും വയറ് വീര്‍ക്കുന്നതിനും കാരണമാകുമെന്ന് കരുതിയാണ് പലരും വെള്ളംകുടി ഒഴിവാക്കുന്നത്. 

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ അത് ആമാശയത്തിലെ ആസിഡിനേയും ദഹനരസങ്ങളേയും നേര്‍പ്പിക്കുകയും ദഹനപ്രക്രീയ പതുക്കെയാക്കുകയും ചെയ്യുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണത്തിനിടയില്‍ മിതമായ അളവില്‍ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെയോ എന്‍സൈമുകളുടേയോ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നില്ല. ആവശ്യാനുസരണം ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കാന്‍ നമ്മുടെ ശരീരത്തിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസപ്പെടുത്തില്ല. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വലിയ അളവില്‍ വെള്ളം കുടിക്കുന്നതിന് പകരം, ചെറിയ അളവില്‍ സിപ്പ് ചെയ്ത് കുടിക്കുന്നത് ഗുണപ്രദമാണ്.

ഭക്ഷണം വിഴുങ്ങാന്‍ എളുപ്പമാക്കുന്നു

വരണ്ടതോ നാരുകള്‍ കൂടിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം വെള്ളം കുടിക്കുന്നത് ഭക്ഷണം മൃദുവാക്കാനും എളുപ്പത്തില്‍ വിഴുങ്ങാനും സഹായിക്കും.

ദഹനത്തെ സഹായിക്കുന്നു

ആമാശയത്തിലൂടെയും കുടലിലൂടെയും ഭക്ഷണം സുഗമമായി കടന്നുപോകാന്‍ വെള്ളംകുടി സഹായിച്ചേക്കാം.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം

ഭക്ഷണത്തിനിടയില്‍ കുറേശ്ശെ വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കുന്ന ശീലം കുറയ്ക്കാന്‍ സഹായിക്കും.ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദ്രാവകത്തിനായുള്ള നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന ആവശ്യം നിറവേറ്റാന്‍ സഹായിക്കും.
ഭാരം നിലനിര്‍ത്താനോ ശരീരഭാരം കുറയ്ക്കാനോ ശ്രമിക്കുന്നവരാണെങ്കില്‍ ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് അധിക കലോറി ഇല്ലാതെ തന്നെ വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. എന്നാല്‍ നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആരോഗ്യകരമായ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭക്ഷണ സമയത്ത് കുടിക്കുന്ന അളവ് പരിമിതപ്പെടുത്തുകയും ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതി ആഹാരത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
  • ഒന്നിച്ച് വലിയ അളവില്‍ വെള്ളം കുടിക്കുന്നതിന് പകരം ആവശ്യാനുസരണം പതുക്കെ സിപ്പ് ചെയ്ത് മാത്രം കുടിക്കുക.
  • ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത് സാധാരണ താപനിലയിലുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളമാണ്.

വെള്ളം കുടിക്കുന്നതിനു പുറമേ, ദഹനം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.

  • പതുക്കെ കഴിക്കുക.
  • നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കില്‍, ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • സമ്മര്‍ദ്ദം നിയന്ത്രിക്കുക

അസിഡിറ്റി, ഗ്യാസ്, ഐബിഎസ് അല്ലെങ്കില്‍ വിട്ടുമാറാത്ത ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സ്വയം നിരീക്ഷിക്കുക. അതനുസരിച്ച് ശീലങ്ങള്‍ ക്രമീകരിക്കുക. ഭക്ഷണത്തിനിടയില്‍ വെള്ളം തീരെ കുടിക്കാതിരിക്കുകയോ, അല്ലെങ്കില്‍ അമിതമായി കുടിക്കുകയോ ചെയ്യുന്ന രണ്ട് അതിരുകടന്ന രീതികളും ഒഴിവാക്കുക.

Post a Comment

أحدث أقدم

AD01