നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് എം വി ജയരാജൻ;നീക്കം രാഷ്ട്രീയ പ്രേരിതമെന്ന്‌ KK രാഗേഷ്


കണ്ണൂർ: നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം വി ജയരാജൻ. നേരത്തെയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ആ ഹർജി കോടതി തള്ളിയതാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഏത് അന്വേഷണം നടന്നാലും നീതിപൂർവമായിരിക്കണം. രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി മാറാൻ പാടില്ലെന്നും എം വി ജയരാജൻ പറഞ്ഞു. സിബിഐ അവസാന വാക്കല്ലെന്നും കേന്ദ്ര എജൻസികളെ കൊണ്ട് സിപിഐഎമ്മിനെ വേട്ടയാടാനാണല്ലോ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും എം വി ജയരാജൻ ചോദിച്ചു. കുറ്റാരോപിതർക്കും നിയമപരമായി നീങ്ങാൻ അവകാശമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി. നവീൻ ബാബുവിൻ്റെ മരണത്തിലെ സിബിഐ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന്‌ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് കുറ്റപ്പെടുത്തി. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും വി ഡി സതീശന് സ്വന്തം ഏജൻസിയായ വിജിലൻസിനെക്കാൾ വിശ്വാസം സിബിഐയെ ആണോയെന്നും കെ കെ രാ​ഗേഷ് ചോദിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം പാർട്ടിയില്ലെന്ന് ആര് പറഞ്ഞുവെന്നും നീതി നടപ്പിലാവട്ടെ എന്നാണ് സിപിഐഎം പറയുന്നതെന്നും കെ കെ രാ​ഗേഷ് വ്യക്തമാക്കി. സിബിഐ വന്നാൽ ഒരു ആശങ്കയും സിപിഐഎമ്മിനില്ലെന്നും കെ കെ രാ​ഗേഷ് ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ടിരുന്നുവെന്നും ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ സന്തോഷവും ആശ്വാസവുമുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരവകുപ്പ് മന്ത്രിയില്‍ നിന്നും പോസിറ്റീവ് ആയ പ്രതികരണമാണ് ലഭിച്ചത്. വാക്ക് പാലിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും മഞ്ജുഷ പ്രതികരിച്ചു. കുറ്റമറ്റ അന്വേഷണം വേണം എന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. താല്പര്യങ്ങള്‍ ഇല്ലാത്ത സര്‍ക്കാരും അന്വേഷണസംഘവുമാണ് വേണ്ടതെന്നും തങ്ങളുടെ മുപ്പതിലേറേ സംശയങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. നവീന്‍ ബാബുവിന് എതിരെയുള്ള ആരോപണത്തില്‍ ഉയര്‍ന്ന് വന്ന പെട്രോള്‍ പമ്പിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് തെളിഞ്ഞിട്ടില്ലെന്നും തളിപ്പറമ്പ് തഹസില്‍ദാര്‍ നല്‍കിയ രേഖ അപ്രത്യക്ഷമായെന്നും പ്രവീണ്‍ ആരോപിക്കുന്നു. കോള്‍ റെക്കോര്‍ഡുകള്‍ മുഴുവന്‍ പരിശോധിച്ചിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്ന് ഇടത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനാലാണ് സിബിഐ അന്വേഷണം സാധ്യമാകാതിരുന്നത്. ആദ്യത്തെ ഒരുമാസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് മനസ്സിലായതെന്നും പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പുതിയ സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. പഴകുളം മധു എംഎല്‍എയും നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു.



Post a Comment

0 Comments