തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. 2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്ന് നിപ മാത്രമല്ല, ഷിഗെല്ലയുമുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് താന്‍ മടങ്ങിയത്. സെന്‍ട്രലൈസഡ് പ്രവര്‍ത്തനത്തിന് കുറേ കൂടി സൗകര്യം തിരുവനന്തപുരത്താണ്. മാത്രവുമല്ല നിപ വ്യാപിച്ചിട്ടുമില്ല. കൂടുതല്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അന്ന് തന്നെ തിരികെ വരുമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. നിപ ഇതുവരെ അപകടകാരിയല്ലെന്നും രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള പോരാട്ടമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മരുന്നുകള്‍ ലഭ്യമല്ല എന്നതടക്കം നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതില്‍ കുഴപ്പമില്ല. താന്‍ ഇത് കുറേ കണ്ടതാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേ ഡോക്ടര്‍മാരും സ്റ്റാഫുകളുമുണ്ട്. അവരെ കൂടി ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകരുത്. ശക്തമായ നടപടി സ്വീകരിച്ചിട്ടും മരുന്ന് കിട്ടുന്നില്ല എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. നിപ റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പത്തിലും മന്ത്രി പ്രതികരിച്ചു. താന്‍ വാര്‍ത്താസമ്മേളനം നടത്തിയത് 5.30നായിരുന്നു. ആ സമയത്ത് റിസള്‍ട്ട് തനിക്ക് കിട്ടിയില്ല. പിന്നീട് ആണ് ഒരു മണിക്ക് വന്നിരുന്നു എന്ന് അറിഞ്ഞത്. ഡിഎച്ച്എസ് (ആരോഗ്യവരുപ്പ് ഡയറക്ടര്‍) അക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ ഡിഎച്ച്എസ് തന്നെ അക്കാര്യം അറിയിക്കുന്നത് ആറ് മണിക്കാണ്. കളക്ടര്‍ വീഴ്ച വരുത്തിയിട്ടില്ല. ഡിഎച്ച്എസ് വിവരങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയും ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ സുഖത്തില്‍ അല്ല എന്ന് വരുത്തുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്നാണ് ക്യാബിനറ്റ് ചേര്‍ന്നത്. ഇപ്പോള്‍ പെയ്യുന്നത് ചാറ്റല്‍ മഴയാണ്. വലിയ മഴ പിന്നാലെ വരാനുണ്ടെന്ന് തനിക്കറിയാം. തൊരപ്പന്‍ പണിയെടുത്തിട്ടാണ് ഡിഎച്ച്എസിനെ മാറ്റിയത്. സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് മാറ്റിയതെന്നും ഇത്തരത്തിലുള്ള ആളുകളെ വകുപ്പില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിപയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയില്‍ ലക്ഷണമുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 100 പേരാണുള്ളത്. അതില്‍ നാല് പേര്‍ ഹൈയെസ്റ്റ് റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. 14 പേര്‍ ഹൈ റിസ്‌ക്കും 82 പേര്‍ ലോ റിസ്‌കിലുംപ്പെട്ടവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതുവരെ മൊത്തം 30 ടെസ്റ്റുകള്‍ നടത്തി. അതില്‍ 29 ഉം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകാര മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ അഞ്ചില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ സര്‍വേ നടത്തി. 320 വീടുകളില്‍ 1047 പേരിലാണ് പരിശോധന നടത്തിയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണമില്ല. സമ്പര്‍ക്ക പട്ടികയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 135 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി ഒന്നുമുതല്‍ ഈ മാസം വരെയുള്ള കണക്കാണിത്. അതില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. മൂന്നും നാലും വയസുള്ള കുട്ടികളും 55 വയസുള്ള വീട്ടമ്മയുമാണ് മരിച്ചത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 68 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വയനാട്-16, തിരുവനന്തപുരം-14, മലപ്പുറം-13, കൊല്ലം-ആറ്, ആലപ്പുഴ-ആറ്, തൃശൂര്‍-നാല്, ഇടുക്കി-മൂന്ന്, എറണാകുളം-രണ്ട്, കണ്ണൂര്‍-രണ്ട്, കോട്ടയം-ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് രണ്ട് കുട്ടികള്‍ ഐസിയുവിലുണ്ടെന്നും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി.


0 Comments