വി സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. തെറ്റ് പൊതുസമൂഹത്തോട് ഏറ്റു പറയാനുള്ള മാന്യത വിസിമാർ കാണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള സാമൂഹിക ബോധം ഉണ്ടാകണം. സർവകലാശാല വിസിമാരിൽ നിന്ന് ഇത്തരം ഒരു പ്രവർത്തി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാൻസലർ പദവി എന്നത് ഒരു സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് അക്കാദമിക പദവികൾ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.
സർവകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.



0 Comments