ഫിഫ ലോകകപ്പ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പോരാട്ടങ്ങൾ അതിന്റെ ചൂടിലേക്ക് കടക്കുമ്പോൾ ക്യാമ്പിൽ നിന്നും മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. കാൻസസ് സിറ്റിയിലെ പരിശീലന ക്യാമ്പിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ഉപകരണങ്ങളടക്കം മോഷണം പോയി. കളിക്കാരുടെ ബൂട്ടുകളും ടൂർണമെന്റിലെ ഔദ്യോഗിക ഫുട്ബോളുകളും ഉൾപ്പെടെ പരിശീലനത്തിനുള്ള വലിയൊരു ഭാഗം സാധനങ്ങളാണ് കാണാതായത്. ഫ്ലോറിഡയിലെ പ്രീ ടൂർണമെന്റ് ക്യാമ്പിൽ നിന്നും മിസോറിയിലെ ‘സ്വോപ്പ് സോക്കർ വില്ലേജിലേക്ക്’ ടീം സ്റ്റാഫുകൾ സാധനങ്ങളുമായി പോകുന്നതിനിടെ ആണ് മോഷമം നടന്നത്. ടീമിലെ കളിക്കാർ ശനിയാഴ്ച ക്യാമ്പിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഉപകരണങ്ങൾ എത്തിച്ചത്. അതിനിടെയാണ് മോഷണം. ഹാരി കെയ്ൻ, റയൽ മാഡ്രിഡ് താരമായ ജൂഡ് ബെല്ലിങ്ഹാം എന്നിവരുടേതടക്കം ബൂട്ടുകൾ ഇവിടെ നിന്നും അപ്രത്യക്ഷമായി. കാൻസസ് സിറ്റിയിൽ എത്തിയ ടീം വാഹനത്തിൽ നിന്നാണ് ഇന കാണാതായത്. കളിക്കാരുടെ ബൂട്ടുകൾ, പരിശീലന ജേഴ്സികൾ, കോച്ചിങ് സ്റ്റാഫുകളുടെ ഉപകരണങ്ങൾ, ടൂർണമെന്റിലെ ഔദ്യോഗിക പന്തുകൾ, മത്സര ദിവസം ധരിക്കേണ്ട യൂണിഫോമുകൾ, വിശകലന ഉപകരണങ്ങൾ, വൈറ്റ് ബോർഡുകൾ, മസാജ് ടേബിളുകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടവയിൽ ഉണ്ട്. ബുധനാഴ്ച ഡാലസിൽ ക്രൊയേഷ്യയ്‌ക്കെതിരെ നടക്കുന്ന തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച മുതൽ ഇംഗ്ലണ്ട് ടീം പൂർണതോതിലുള്ള പരിശീലനം ആരംഭിക്കാനിരിക്കെയാണ് മോഷണം. ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തിനു മുൻപായി നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനോ അല്ലെങ്കിൽ അവയ്ക്ക് പകരം പുതിയത് എത്തിക്കാനോ ഉള്ള നെട്ടോട്ടത്തിലാണ് ടീം അധികൃതർ. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


0 Comments