കണ്ണൂർ: ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ അംഗീകൃത നഴ്സുമാർ നടത്തിവരുന്ന ന്യായമായ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി.അഞ്ചും പത്തും വർഷമായി ഒരേ ആശുപത്രികളിൽ ജോലി ചെയ്യുന്ന അംഗീകൃത നഴ്സുമാർക്ക് പോലും കേരള സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ലഭ്യമാകുന്നില്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
മിനിമം വേതനം നൽകാമെന്ന് സമ്മതിക്കുന്ന മാനേജ്മെന്റുകളെപ്പോലും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന സി.ഐ.ടി.യു (CITU), ബി.എം.എസ് (BMS) തുടങ്ങിയ സംഘടനകളുടെ നിലപാട് തൊഴിലാളി വിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കളക്ടർ, ജില്ല ലേബർ ഓഫീസർ സമരം നടക്കുന്ന ജില്ലയിലെ ആറ് ആശുപത്രി മാനേജ്മെന്റുകൾ എന്നിവർക്ക് യൂത്ത് കോൺഗ്രസ് കത്ത് നൽകി.
കത്ത് ലഭിച്ച് 48 മണിക്കൂറിനകം നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ, വരും ദിവസങ്ങളിൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ജൂലൈ 17-)o തീയതി മുതൽ അനിശ്ചിതകാല നിരാഹാര സമരവും, തുടർന്ന് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികൾക്ക് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അറിയിച്ചു.
കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എം കെ വരുൺ, നിവേദ് മനോരഹരൻ,അതുൽ നാരായണൻ, ഷിബിൻ ഷിബു എന്നിവർ കൂടെ ഉണ്ടായിരുന്നു.





0 تعليقات