ദുബായ് വിമാനയാത്രകളിൽ ബാഗേജ് പായ്ക്ക് ചെയ്യുമ്പോൾ നിസ്സാരമെന്നു തോന്നുന്ന പല സാധനങ്ങളും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലോ കസ്റ്റംസിലോ വലിയ കുരുക്കായി മാറാറുണ്ട്. യാത്രക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ മുൻനിർത്തി യുഎഇയിലെ വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. രാജ്യാന്തര വിമാനയാത്രാ ചട്ടങ്ങൾക്കു പുറമേ യുഎഇയിലെ പ്രത്യേക നിയന്ത്രണങ്ങളും യാത്രക്കാർ അറിഞ്ഞിരിക്കണം.
∙ ഹാൻഡ് ബാഗേജിൽ പാടില്ലാത്തവ
നിരപരാധിയെന്നു തോന്നുന്ന മെഷറിങ് ടേപ്പ് പോലും ദുബായ് വിമാനത്താവളത്തിൽ ഹാൻഡ് ബാഗേജിൽ അനുവദിക്കില്ല. ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മീൻപിടിത്ത ചൂണ്ട തുടങ്ങിയ കായിക ഉപകരണങ്ങളും ക്യാബിൻ ബാഗേജിൽ അനുവദിക്കില്ല. കുട്ടികളുടെ കളിപ്പാട്ട തോക്കുകൾ, വില്ലും അമ്പും, ഡാർട്ടുകൾ എന്നിവയും സുരക്ഷാ പരിശോധനയിൽ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
∙ കസ്കസിന് പൂർണ വിലക്ക്
ഇന്ത്യൻ വിഭവങ്ങളിൽ ഉപയോഗിക്കുന്ന കസ്കസ് (പോപ്പി സീഡ്സ്) യുഎഇയിലേക്ക് കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടമായ പോപ്പി ചെടിയുടെ ഉപോൽപന്നമായതിനാലാണ് വിലക്ക്. ചെറിയ അളവിൽ കണ്ടെത്തിയാലും കർശന നിയമനടപടികൾ നേരിടേണ്ടിവരാം.
∙ മരുന്നുകളും ഭക്ഷ്യവസ്തുക്കളും
പല രാജ്യങ്ങളിലും സാധാരണ ലഭിക്കുന്ന ചില മരുന്നുകൾ യുഎഇയിൽ കർശന നിയന്ത്രണത്തിലുള്ളവയാണ്. ലഹരിയോ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളോ അടങ്ങിയ മരുന്നുകൾ കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും ഡോക്ടറുടെ കുറിപ്പടിയും ആവശ്യമാണ്.
കഞ്ചാവും സിബിഡി (CBD) അടങ്ങിയ എണ്ണകളും മറ്റ് ഉൽപന്നങ്ങളും പൂർണമായും നിരോധിച്ചിട്ടുണ്ട്. പന്നിയിറച്ചി, ബേക്കൺ, ഹാം, പോർക്ക് ജെലാറ്റിൻ തുടങ്ങിയ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങളുണ്ട്.
∙ ഈ പഴങ്ങളും വിമാനത്തിൽ വിലക്ക്
മറ്റ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ദുർഗന്ധം പരത്തുന്ന ചില പഴങ്ങൾ വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നതിന് ഇത്തിഹാദ് എയർവേയ്സ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡ്യൂറിയൻ, ചക്ക, പെഡലായ്, മറാങ് എന്നിവയാണ് ഇതിൽപ്പെടുന്നത്.
∙ മറ്റ് വിലക്കുകൾ
ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ ആറ് സെന്റിമീറ്ററിലധികം നീളമുള്ള കത്തികൾ, വാളുകൾ, ബോക്സ് കട്ടറുകൾ, റേസറുകൾ എന്നിവ അനുവദിക്കില്ല. സ്ഫോടകവസ്തുക്കൾ, ഫയർ എക്സ്റ്റിങ്ഗിഷറുകൾ, അമോണിയ ലായനികൾ എന്നിവയും നിരോധിത പട്ടികയിലുണ്ട്.
ഇതുകൂടാതെ ലഹരിമരുന്നുകൾ, ചൂതാട്ട ഉപകരണങ്ങൾ, ആനക്കൊമ്പ്, റേഡിയോ ആക്ടീവ് വസ്തുക്കൾ, വ്യാജ കറൻസി, സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നതും കുറ്റകരമാണ്. വിമാനത്താവളങ്ങളിൽ അനാവശ്യ തടസ്സങ്ങളും നിയമനടപടികളും ഒഴിവാക്കാൻ യാത്രയ്ക്കു മുമ്പ് ബാഗേജിലുള്ള സാധനങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
.jpg)


.gif)



0 Comments