സ്ത്രീ ശാക്തീകരണവും ദാരിദ്രനിർമ്മാർജനവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് കുറഞ്ഞ ചിലവിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനുമായുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഗുണമേന്മ ഉറപ്പുവരുത്തി സംഘടിത ഉൽപാദനത്തിലൂടെ കർഷകരുടെ വരുമാന വർദ്ധനവും ഉപജീവന സുരക്ഷയും കൈവരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിൻ്റെ സേവനം ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവനം 2.0. ജീവനം 2.0 പദ്ധതിയുടെ ജില്ലാതല പരിപാടി 2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 11ന് ചെമ്പേരി ലൂർദ് മാതാ ബസലിക്ക ചർച്ച് മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് ബഹു.ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് പരത്തനാല്‍ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ് അവർകൾ ജീവനം 2.0 പരിപാടിയുടെ ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജോയിൻ ഡയറക്ടർ ഡോ: വിനോദ് കുമാർ എം മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ -വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, കർഷകർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ എരുവേശി സി ഡി എസ്സ് ചെയർപേഴ്സൺ അനിത വിജയൻ നന്ദി പറഞ്ഞു. ക്ഷീര കർഷകരുടെ അതിജീവനത്തിനായി പാലിൻ്റെ ഇൻസെൻ്റീവ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിടുണ്ട്. മൃഗാശുപത്രിയുടെ സേവനം എല്ലാ മേഖലയിലെ കർഷകരിലേക്കും എത്തിക്കാനുള്ള പ്രവർത്തനം ചെയ്യും.
സഞ്ചരിക്കുന്ന ഡിസ്പെൻസറി ഇരിക്കൂർ ബ്ലോക്കിൽ ഉണ്ടാക്കുന്നതിന് മന്ത്രിയോട് ആവിശ്യപ്പെടാമെന്നും ബഹു. MLA അറിയിച്ചു. ജീവനം ക്യാമ്പയിനിന്റെ ഭാഗമായി കർഷകരുടെ ആവിശ്യങ്ങളും നിർദ്ദേശങ്ങളും രൂപരേഖ തയ്യാറാക്കി നൽകാനും അവ സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കൂടി ചെയ്യാമെന്നും ഉറപ്പ് നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ക്ലിനിക്കൽ ലാബ് സൗകര്യം ഉപയോഗപ്പെടുത്തി സാമ്പിൾ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചതിന്റെ ഭാഗമായി പാൽ, ചാണകം, യൂറിൻ തുടങ്ങിയവയിൽ നാല്പതോളം സാമ്പിളുകൾ പരിശോധന നടത്തി രോഗനിർണയം നടത്തി. "മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വം സാധ്യതകളും സാമ്പത്തിക സ്രോതസ്സുകളും" എന്ന വിഷയത്തിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്ററും ഡയറി എക്സ്റ്റൻഷൻ ഓഫീസറുമായ എം വി ജയൻ ക്ലാസ് കൈകാര്യം ചെയ്തു. മൃഗസംരക്ഷണ മേഖലയിലെ ഗുലാബ് ജാമുൻ, കേക്ക്, പേഡ തുടങ്ങിയ വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനമേളയും വിവിധ ഉപകരണങ്ങളുടെ പ്രദർശനവും കേരള ചിക്കൻ സ്റ്റാളും പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു.
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഗ്രാമീൺ ബാങ്ക് മാനേജർ ജെറിൻ വിശദീകരിച്ചു. അഗ്രികൾച്ചറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ താലൂക്ക് കോഡിനേറ്റർ അനഘ പ്രദീപ് വിവിധ ഇൻഷുറൻസ് സ്കീമുകൾ വിശദീകരിച്ചു. എരുവേശ്ശി പഞ്ചായത്തിലെ കുടുംബശ്രീ ക്ലസ്റ്ററിലെ 250 ഓളം കർഷകർ പങ്കെടുത്ത പരിപാടിയിൽ കർഷകർക്ക് കാൽസ്യം സപ്ലിമെൻറ് വിതരണം ചെയ്തു.

.gif)


0 Comments