കരുനാഗപ്പള്ളി: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകർഷകർക്ക് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്ത് പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ്. പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തില്‍ അതിവേഗം അവര്‍ക്ക് കാലിത്തീറ്റയടക്കമുള്ള സഹായമെത്തിക്കാന്‍ കേരള ഫീഡ്സ് സജ്ജമാകണമെന്ന മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റയുടെ 150 ചാക്കാണ് വിതരണം ചെയ്തത്. ഇതിന് 2,31,000 രൂപ വിലവരും. കാലിത്തീറ്റ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ നിര്‍വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകർക്ക് താങ്ങാവുക എന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം മൂലം ജീവിതം വഴിമുട്ടിയ കർഷകരെ എത്രയും വേഗം തിരികെ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ കേരള ഫീഡ്സിന്റെ എളിയ ശ്രമം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രാധാന്യത്തോടെ ദുരിതാശ്വാസ മേഖലകളിൽ കാലിത്തീറ്റ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കരുനാഗപ്പള്ളി യൂണിറ്റിൽ പൂർത്തിയായിട്ടുണ്ട്. മുമ്പും പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ക്ഷീരമേഖലയെ ചേർത്തുപിടിച്ച ചരിത്രമാണ് കേരള ഫീഡ്സിനുള്ളത്. മഹാപ്രളയം ബാധിച്ച 2018-ൽ 'സ്നേഹസ്പർശം' പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ സൗജന്യ കാലിത്തീറ്റയും മിനറൽ മിക്സും പ്രളയബാധിത മേഖലകളിലെ കർഷകരിലേക്ക് എത്തിക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു. അന്ന് പ്രളയത്തിൽ ജീവനോപാധികൾ തകർന്ന കർഷകർക്ക് ഇളവുകളോടെ കാലിത്തീറ്റ നൽകിയും പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് വായ്പാ സൗകര്യങ്ങൾ ഏകോപിപ്പിച്ചും നൽകി കെഎഫ്എല്‍ മാതൃകയായിരുന്നു.


.gif)


0 Comments