കോട്ടയം: കഞ്ചാവിൻ്റെ ചാറെടുത്ത് നിർമിച്ച മിഠായി പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിടിയിൽ. 14, 15,16 വയസുകാരായ ഒൻപതുപേരാണ് പിടിയിലായത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിവിധ കേസുകളിലായി വിദ്യാർത്ഥികൾ പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. വിദ്യാർത്ഥികളെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കി.
മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗിൽ നിന്ന് 194 ഗ്രാം കഞ്ചാവ് മിഠായി എക്സൈസിന് സംശയാസ്പദമായ സാഹചര്യത്തിൽ ലഭിച്ചിരുന്നു. മിഠായികൾ ഫോറൻസിക് ലാബിൽ പരിശോധിച്ചതിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
തുടർന്ന് ഋഷികേശിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഋഷികേശിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ വിദ്യാർത്ഥികളാണ് വിളിക്കുന്നവരിലേറെയെന്ന് കണ്ടെത്തി. 40 എണ്ണമുള്ല മിഠായി പായ്ക്കറ്റിന് 200 രൂപ വിലയെന്നാണ് എക്സൈസ് കണ്ടെത്തിയത്. അഞ്ച് ഗ്രാമാണ് ഒരു മിഠായിയുടെ തൂക്കം. കയ്‌പും മധുരവും കലർന്ന രുചിയാണ്.
കോട്ടയം ജില്ലയിൽ നിന്നുമാത്രം വിദ്യാർത്ഥികളിൽ നിന്ന് 974 ഗ്രാം കഞ്ചാവ് മിഠായിയാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് പറഞ്ഞു. പിടിയിലായ 15 വയസുകാരനോട് വിവരങ്ങൾ ചോദിച്ചപ്പോൾ മിഠായി കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം. ചില കുട്ടികളിൽ വിഷാദരോഗങ്ങൾക്ക് കാരണമായെന്നും എക്സൈസ് കണ്ടെത്തി.
ഏതാനും ദിവസം മുൻപ് കഞ്ചാവ് മിഠായി കാരണം കോട്ടയത്തെ ഒരു കോളേജിൽ നിന്നുള്ല വിനോദയാത്ര റദ്ദാക്കിയിരുന്നു. യാത്രക്കിടെ ഒരു വിദ്യാർത്ഥി കുഴഞ്ഞുവീണതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ കഞ്ചാവ് മിഠായി കഴിച്ചതായി കണ്ടെത്തി. പിന്നാലെ വിവരം എക്സൈസിനെ അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് മിഠായികളും പിടിച്ചെടുത്തു. അതിഥിത്തൊഴിലാളിയിൽ നിന്നാണ് മിഠായി ലഭിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. തുടർന്ന് വിനോദയാത്ര റദ്ദാക്കി തിരികെ വരികയായിരുന്നു.



.gif)


0 Comments