മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് LPST റാങ്ക് ഹോള്‍ഡേഴ്‌സ്

 

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ തുടരും. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല. ദിവസങ്ങള്‍ എണ്ണി തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെയുണ്ടാകും. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളര്‍മതി പറഞ്ഞു.റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മറ്റുമായിരുന്നു ഉദ്യോഗാർത്ഥികൾ സമര രംഗത്തുണ്ടായിരുന്നത്. വളർമതിയുടെ നിരാഹാരം പതിമൂന്ന് ദിവസം പിന്നിട്ടിരുന്നു. സമരം ശക്തമായതോടെയായിരുന്നു മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.



Post a Comment

0 Comments