മഹാശിലായുഗത്തിലെ അപൂർവമായ അടയാളങ്ങൾ; നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപാളികൾ കണ്ടെത്തി

 



കരിവെള്ളൂർ മഹാശിലാസ്‌മാരകങ്ങളുടെ പുനരുദ്ധാരണ

പ്രവർത്തനത്തിനിടെ പുരാവസ്‌തു വകുപ്പിന് ലഭിച്ചത് അപൂർവമായ അടയാളങ്ങൾ. കരിവെള്ളൂർ മാലാപ്പിലെ പെരികമന ഇല്ലപ്പറമ്പിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കുടക്കല്ലുകളുടെ ശാസ്ത്രീയ പരിശോധനയും പുനരുദ്ധാരണവും നടക്കുന്നത്.

പൊളിഞ്ഞു വീഴാറായ കുടക്കല്ലുകൾ പുനഃസ്‌ഥാപിക്കുന്നതിനിടെ രണ്ട് കൽപാളികളും ഒരു തൊപ്പിക്കല്ലും വൃത്താകൃതിയിലുള്ള അപൂർവതരം കൽപാളിയും പുരാവസ്‌തു വകുപ്പിന് ലഭിച്ചു. മരിച്ചവരുടെ അസ്ഥിശകലങ്ങളും അക്കാലത്ത് ഉപയോഗിച്ചവയ്ക്ക് സമാനമായ മൺപാത്രങ്ങളും ഇരുമ്പുപകരണങ്ങളും മറ്റും നിക്ഷേപിച്ച ശേഷം അതിനു മുകളിൽ മൂടിവയ്ക്കുന്നതാണ് കൽപ്പാളി. ഇതിനു ചുറ്റുമാണ് കുടക്കല്ല് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും ലഭിച്ച ഒരു കൽപ്പാളിക്ക് 70 സെന്റിമീറ്റർ നീളവും വീതിയുമുണ്ട്. മറ്റൊരു കൽപ്പാളിക്ക് 80 സെന്റിമീറ്ററാണ് നീളവും വീതിയും. ജില്ലയിൽ ആദ്യമായാണ് കുടക്കല്ലുകൾക്കടിയിൽ നിന്നും കൽപ്പാളികൾ ലഭിക്കുന്നത്. ചക്രാകൃതിയിലുള്ള കൽഘടന അപൂർവമായാണ് ലഭിക്കുന്നത്. ഇതിന്റെ ഏകദേശ മധ്യത്തിലായികാൽക്കുഴിയും കാണുന്നുണ്ട്. മൺപാത്രാവശിഷ്‌ടങ്ങളും സ്‌ഥലത്തു നിന്ന് ലഭിക്കുകയുണ്ടായി. ഏഴ് കുടക്കല്ലുകളാണ് ഇവിടെയുള്ളത്.മൂന്നെണ്ണം മാത്രമാണ് ഏറെക്കുറെ പൂർവസ്‌ഥിതിയിലാക്കാൻ സാധിക്കുക. ബാക്കിയുള്ളവ കല്ലുകൾ നഷ്‌ടപ്പെട്ട് തകർന്ന നിലയിലാണ്. ലഭ്യമായ യഥാർഥ കല്ലുകൾ ഉപയോഗിച്ചു തന്നെ സ്‌മാരകങ്ങൾ പുനഃസ്ഥാപിക്കാനാണ് പദ്ധതിയെന്ന് പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്‌ഥനും പഴശ്ശിരാജ പുരാവസ്‌തു മ്യൂസിയം ഓഫിസറുമായ കെ.കൃഷ്ണരാജ് പറഞ്ഞു. പുരാവസ്തു വകുപ്പിലെ പത്തു പേരടങ്ങിയ സംഘമാണ് പുനരുദ്ധാരണവും ശാസ്ത്രീയ പരിശോധനയും നടത്തുന്നത്. ഒരാഴ്‌ച കൂടി പ്രവർത്തനങ്ങൾ നീണ്ടുനിൽക്കും.



Post a Comment

0 Comments