ഫിഫ ആസ്ഥാനത്ത് നടന്ന പ്രക്ഷുബ്ധമായ യോഗത്തില്, ലോക ഫുട്ബോള് ഭരണസമിതിയുടെ പ്രസിഡന്റിന് സംഘടനയെ നയിക്കാന് 'യോഗ്യതയില്ല' എന്ന തരത്തിലുള്ള രൂക്ഷമായ വിമര്ശനങ്ങള് നേരിട്ട് ജിയാനി ഇന്ഫാന്റിനോ. ലോകകപ്പ് ഉള്പ്പെടെയുള്ള ഫിഫ ടൂര്ണമെന്റുകളില് സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും ലക്ഷ്യമിട്ട് തയ്യാറാക്കുകയും, പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത ഫിഫ ഫോര്വേഡ് എന്റര്പ്രൈസ് പദ്ധതിയുടെ പേരില് ഫിഫ കൗണ്സിലിനോട് അദ്ദേഹം മാപ്പപേക്ഷിച്ചപ്പോഴായിരുന്നു ഇത്.
മാധ്യമങ്ങളിലൂടെ പുറത്തുവന്ന എഫ്.എഫ്.ഇ പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങള്ക്ക് ശേഷം വ്യാഴാഴ്ച സൂറിച്ചില് ആദ്യമായി ഫിഫ കൗണ്സില് യോഗം ചേര്ന്നിരുന്നു. അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, സ്ഥാനം നിലനിര്ത്താന് ഇന്ഫാന്റീനോ വലിയ പോരാട്ടമാണ് നടത്തുന്നത്. ഫിഫ ടൂര്ണമെന്റുകളിലെ ഓഹരികള് സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്ക്ക് വില്ക്കാനുള്ള പദ്ധതികള് വിവിധ കോണുകളില് നിന്ന് കടുത്ത എതിര്പ്പ് ക്ഷണിച്ചുവരുത്തിയതോടെയാണ് അദ്ദേഹം വിമര്ശനങ്ങള് നേരിട്ടത്. ഈ നിര്ദ്ദേശം വലിയ പ്രതിഷേധങ്ങള്ക്ക് വഴിവെക്കുകയും, ഫിഫ ലോകകപ്പ് ഉള്പ്പെടെയുള്ള ടൂര്ണമെന്റുകള് ബഹിഷ്കരിക്കുമെന്ന് യുവേഫ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള ശക്തമായ തിരിച്ചടിയെത്തുടര്ന്ന് ഇന്ഫന്റീനോ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തില് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള് മാത്രമല്ല ചര്ച്ച ചെയ്തത്. മറ്റ് വിവാദങ്ങളിലും ഇന്ഫന്റീനോയ്ക്ക് മറുപടി പറയേണ്ടി വന്നു. അമേരിക്കന് സ്ട്രൈക്കര് ഫൊളാരിന് ബലോഗണിന് ഏര്പ്പെടുത്തിയ വിലക്കും അത് പിന്വലിച്ചതും (പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വിലക്ക് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു), ട്രംപിന് നല്കിയ ഫിഫ പീസ് പ്രൈസും ഇതില് ഉള്പ്പെടുന്നു. ദേശീയ ഫുട്ബോള് അസോസിയേഷനുകളുടെ ഫണ്ടിംഗിനെക്കുറിച്ചും ഇന്ഫന്റീനോയോട് ചോദ്യങ്ങള് ചോദിക്കപ്പെട്ടു.ഇംഗ്ലീഷ് ഫുട്ബോള് അസോസിയേഷന് ചെയര്പേഴ്സണും ഫിഫ വൈസ് പ്രസിഡന്റുമായ ഡെബി ഹെവിറ്റ് എഫ്.എഫ്.ഇ സംഭവവികാസങ്ങളില് തന്റെ നിരാശ പ്രകടിപ്പിച്ചു. 'ചില നിര്ദ്ദിഷ്ട ആവശ്യങ്ങളില്, ഉദാഹരണത്തിന് എന്റര്പ്രൈസില്നിന്നുള്ള രേഖകള് ലഭ്യമാക്കുന്ന കാര്യത്തില് പോലും ഞങ്ങള്ക്ക് യാതൊരു മറുപടിയും ലഭിച്ചില്ല എന്നതാണ് ഏറെ നിരാശാജനകം' -ഡെബി പറഞ്ഞു.
ഇന്ഫന്റീനോ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട പ്രധാന വിമര്ശകരിലൊരാളായ യുവേഫ ഇന്ഫന്റീനോയ്ക്കെതിരെ ക്രിമിനല് നിയമനടപടികള്ക്ക് ഒരുങ്ങുകയാണ്. എഫ്.എഫ്.ഇ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അമേരിക്കന് കോടതികളില് അവര് ഹര്ജി നല്കിയിട്ടുണ്ട്. ഈ വിവാദത്തില് യുവേഫയുടെ നിലപാടില് മാറ്റമെന്തെങ്കിലും വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡെബി പറഞ്ഞു: 'എന്റെ കാഴ്ചപ്പാടില് യാതൊരു മാറ്റവും വന്നിട്ടില്ല. മാപ്പ് പറയുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ടെന്നതൊഴിച്ചാല്, എന്റെ നിലപാട് മാറ്റാന് തക്ക പുതിയ വിവരങ്ങളൊന്നും എനിക്ക് ലഭിച്ചിട്ടില്ല.' ലോകത്തിലെ ഏറ്റവും ശക്തമായ ഫുട്ബോള് കോണ്ഫെഡറേഷനുകളിലൊന്നായ യുവേഫയ്ക്ക് കടുത്ത അമര്ഷമുണ്ടെങ്കിലും, മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില് മത്സരിക്കാന് ഒരുങ്ങുന്ന ഇന്ഫന്റീനോയ്ക്ക് എതിരെ ഒരു സ്ഥാനാര്ത്ഥിയെ കണ്ടെത്താന് അവര് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നവംബര് 18-നകം യുവേഫയും മറ്റ് സമിതികളും ഇന്ഫന്റീനോയുടെ എതിരാളിയെ കണ്ടെത്തേണ്ടതുണ്ട്. അസോസിയേഷനുകള്ക്ക് അവരുടേതായ കാഴ്ചപ്പാടനുസരിച്ച് വോട്ട് ചെയ്യാനുള്ള അവസരം നല്കണമെന്ന് ഡെബി പറഞ്ഞു.





0 Comments