ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കണം - ഹൈക്കോടതി



ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ ക്യാബിനില്‍ പ്രൊമോഷണല്‍ വീഡിയോ ചിത്രീകരിച്ചാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്ന കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.

യാത്രക്കാര്‍ക്കും എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്കും ഭീഷണിയായി എല്‍.ഇ.ഡി. ലേസര്‍ ലൈറ്റുകളും പിക്‌സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും മറ്റ് അനധികൃത അലങ്കാരങ്ങളും ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഡ്രൈവര്‍ക്കും വാഹനത്തിന്റെ ഉടമയ്ക്കുമെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും 5000 രൂപ വീതം പിഴ ചുമത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടക വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

നിയമലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു കോടതിയുടെ വിലയിരുത്തലുകള്‍. തീര്‍ഥാടകരുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈയെടുക്കുന്നതും ബ്ലൂടൂത്തില്‍ സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ടായിരുന്നു.ടൂറിസ്റ്റ് ബസുകളിലും മറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തെ ലൈറ്റുകളും അലങ്കാരങ്ങളും നിരീക്ഷിച്ച കോടതി, ഇത് ഡി.ജെ. ഫ്‌ളോര്‍ ആണോയെന്നാണ് ചോദിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യത്തില്‍ സാവകാശം തേടിയിട്ടുണ്ട്. അടുത്ത ആഴ്ച വീണ്ടും ഈ കേസ് പരിഗണിക്കും.

WE ONE KERALA -NM 

 

Post a Comment

Previous Post Next Post

AD01

 


AD02