കണ്ണൂരിൽ മോർച്ചറിയിൽ പ്രവേശിപ്പിച്ച 67 വയസ്സുകാരന് ജീവൻ; മരണവാർത്ത പത്രത്തിലും, പവിത്രന് അത്ഭുതകരമായ രക്ഷപ്പെടൽ

 


കണ്ണൂർ: മരിച്ചെന്ന് കരുതി മോർ‌ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂരിലെ തളാപ്പ് എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി അറ്റൻഡറുടെ ജാഗ്രതയാണ് വയോധികന് തുണയായത്.

ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റൻഡർ പവിത്രന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. മംഗളൂരുവിലെ ഹെഡ്ഗേ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് പവിത്രനെ എകെജി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെ അറ്റൻഡറുടെ ജഗ്രതയോടെയുള്ള ഇടപെടലാണ് വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയത്. ഇയാളുടെ നിരീക്ഷണത്തിൽ ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു

പവിത്രൻ്റെ വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ജനുവരി 14ന് പുറത്തിറങ്ങിയ പത്രങ്ങളിൽ പവിത്രന്റെ മരണവാർത്ത വന്നിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് വന്നുകൊണ്ടിരിക്കെയാണ് പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ്.

മംഗളൂരു ഹെഗ്ഡേ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന പവിത്രൻ്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ഇതിനിടെയാണ് പവിത്രന് ജീവനുള്ളതായി ആശുപത്രി ജീവനക്കാരൻ തിരിച്ചറിഞ്ഞത്.

പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരുവിലെ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ പവിത്രൻ്റെ മരണം സ്ഥിരികരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ആശയകുഴപ്പത്തിനിടയാക്കിയത്




Post a Comment

Previous Post Next Post

AD01

 


AD02