നവകേരളം സൃഷ്ടിക്കലാണ് എൽഡിഎഫ് ലക്ഷ്യം, കോൺഗ്രസും ബിജെപിയും അടങ്ങുന്ന മഴവിൽ സഖ്യം എൽഡിഎഫിനെ ആക്രമിക്കൽ മാത്രം ലക്ഷ്യമാക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കർഷക സമര പോരാട്ട ഭൂമിയിൽ സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചാണ് കേരളം മുന്നേറിയതെന്നും സ്ത്രീകൾക്കടക്കം പൊതുസമൂഹത്തിൽ ഉന്നതിയിൽ എത്താൻ കേരളത്തിന് സാധിച്ചു എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷവും ബിജെപിയും മാധ്യമങ്ങളും ഇടതുപക്ഷത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ അതിജീവിച്ചാണ് എൽഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു വികസനവും അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന അംഗം വി കെ ജയപ്രകാശ് പതാക ഉയർത്തി. തുടർന്ന് ധീര രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. രക്തസാക്ഷി പ്രമേയം പി. മമ്മിക്കുട്ടിയും അനുശോചന പ്രമേയം എ. പ്രഭാകരനും അവതരിപ്പിച്ചു. താൽക്കാലിക അധ്യക്ഷനായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രനെ സമ്മേളനം തിരഞ്ഞെടുത്തു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്‌ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്‌ണൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം. സ്വരാജ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment