ജനുവരി മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാർഡുടമകള്‍ കൈപ്പറ്റേണ്ടതാണെന്ന് മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു. ജനുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷന്‍ ഷോപ്പുകളിലും സ്റ്റോക്ക് ലഭ്യമാണ്. റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് ഇല്ലായെന്നും കടകള്‍ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ബഹു.ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വിളിച്ചുചേർക്കുകയും ജനുവരി മാസത്തെ റേഷന്‍ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. റേഷന്‍ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാള്‍ കുറവുള്ള ജില്ലകളില്‍ വിതരണം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നല്‍കുകയും, ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുന്നതിനും മന്ത്രി നിർദ്ദേശം നല്‍കി. വയനാട് ജില്ലയില്‍ 81.57 ശതമാനവും മലപ്പുറം ജില്ലയില്‍ 80ശതമാനവും കാസർഗോഡ് ജില്ലയില്‍ 77.7 ശതമാനവും ആളുകള്‍ ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റി. വാതില്‍പടി വിതരണത്തിലെ കരാറുകാരുടെ സമരം പിന്‍വലിച്ചതിനുശേഷം തിങ്കളാഴ്ച മുതല്‍ വിതരണം എല്ലാ ജില്ലകളിലും വേഗത്തില്‍ നടന്നുവരികയാണ്. ഫെബ്രുവരി മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോള്‍ റേഷന്‍ കടകളിലേക്ക് വാതില്‍പടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഓരോ ജില്ലയിലും എഫ്.സി.ഐയില്‍ നിന്നും എന്‍.എഫ്.എസ്.എ ഗോഡൗണിലേക്കും അവിടെ നിന്നും വാതില്‍പടിയായി റേഷന്‍കടകളിലേക്കുമുള്ള വിതരണം മന്ത്രി അവലോകനം ചെയ്തു. എല്ലാ റേഷന്‍കാർഡുടമകളും അടുത്ത രണ്ടുദിവസത്തിനകം ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണ്. റേഷന്‍വ്യാപാരികളുടെ കടയടപ്പ് സമരം പിന്‍വലിച്ചിട്ടും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും തുറന്നു പ്രവർത്തിക്കുന്നില്ല എന്ന മാധ്യമ വാർത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാന്‍ സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറെ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. മതിയായ കാരണങ്ങളില്ലാതെ ഒരു റേഷന്‍ ലൈസന്‍സിയ്ക്കും റേഷന്‍കടകള്‍ അടച്ചിടുന്നതിന് അവകാശമില്ലായെന്നും റേഷന്‍വിതരണം തടസ്സപ്പെടുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബർ മാസത്തെ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റേഷന്‍കാർഡുടമകള്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റണം - മന്ത്രി.ജി.ആർ.അനില്‍
WE ONE KERALA
0
Post a Comment