ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്തബന്ധുക്കള്‍ക്ക് ജഡ്ജിമാരാകാൻ മറ്റുള്ളവരെക്കാള്‍ ഉയർന്ന മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് നിർദേശം.സുപ്രീംകോടതി കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാരിലൊരാളാണ് നിർദേശം വെച്ചതെന്നാണ് റിപ്പോർട്ടുകള്‍. ജഡ്ജിമാരുടെ ബന്ധുക്കളെ ശുപാർശ ചെയ്യുന്നത് ഒഴിവാക്കണമെന്ന് കൊളീജിയത്തിലെ മറ്റൊരു ജഡ്ജി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും പാർലമെന്റ് അംഗവുമായ അഭിഷേക് മനു സിംഘ്വി ഉള്‍പ്പെടെയുള്ളവർ ഇതിനെ പിന്തുണച്ചിരുന്നു. പ്രമുഖ അഭിഭാഷകരുടെയോ ജഡ്ജിമാരുടെയോ അടുത്തബന്ധുക്കളല്ലാത്ത ഒന്നാംതലമുറ അഭിഭാഷകർക്ക് ജഡ്ജി നിയമനത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കൊളീജിയത്തിന്റെ പുനർവിചിന്തനമുണ്ടാകുന്നത്. ജഡ്ജിമാരുടെ ബന്ധുവാണെന്ന ഒറ്റക്കാരണത്താല്‍ പരിഗണിക്കപ്പെടാതെ ഇരിക്കുന്നതും നീതികേടാകുമെന്ന ചർച്ചയും കൊളീജിയത്തിലും പുറത്തും ഉയർന്നിരുന്നു.
ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകരെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും ശുപാർശ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി കൊളീജിയങ്ങള്‍ക്ക് നിർദേശം നല്‍കാമെന്ന ആശയമാണ് സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരിലൊരാള്‍ നേരത്തേ മുന്നോട്ടുവെച്ചത്. കൊളീജിയത്തിലെ മറ്റു പല ജഡ്ജിമാരും ഇതിനോട് യോജിച്ചിരുന്നു.
ശുപാർശ കൊളീജിയത്തിന്റേത്
ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള ജഡ്ജിമാരെ ജഡ്ജിമാർ അടങ്ങുന്ന കൊളീജിയം ശുപാർശ ചെയ്യുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇതുവഴി ജുഡീഷ്യറിയില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തിന് തടയിടാനാണ് കൊളീജിയത്തിന്റെ ശ്രമം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാർ അടങ്ങുന്ന കൊളീജിയമാണ് സുപ്രീംകോടതിയിലേക്കുള്ള പേരുകള്‍ ശുപാർശ ചെയ്യുന്നത്.
ഹൈക്കോടതിയിലേക്കാവട്ടെ, സുപ്രീംകോടതിയിലെ മൂന്നംഗ കൊളീജിയവും. ഹൈക്കോടതി കൊളീജിയം നല്‍കുന്ന പേരുകളാണ് മൂന്നംഗ കൊളീജിയം പരിഗണിക്കുക. കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെക്കുമ്ബോഴാണ് നിയമനമാകുന്നത്. ശുപാർശ കേന്ദ്രസർക്കാരിന് വേണമെങ്കില്‍ മടക്കാം. എന്നാല്‍, അതേ പേരുകള്‍തന്നെ കൊളീജിയം ആവർത്തിച്ചാല്‍ കേന്ദ്രം അനുമതി നല്‍കേണ്ടിവരും.
WE ONE KERALA -NM
Post a Comment