മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സർക്കാരിൻ്റെ പല തീരുമാനങ്ങളിലും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഏകനാഥ് ഷിൻഡെ സർക്കാർ എടുത്ത തീരുമാനങ്ങൾ റദ്ദാക്കാനുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നീക്കത്തെച്ചൊല്ലി മഹായുതി സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഉന്നത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഷിൻഡെ സർക്കാർ കാലത്തെ പല തീരുമാനങ്ങളും പുനഃപരിശോധിക്കുകയാണ്. ടെൻഡർ പ്രക്രിയയിലെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് സംശയം ഉന്നയിച്ച് 1310 പൊതുഗതാഗത ബസുകൾ സ്വകാര്യ കമ്പനികളിൽ നിന്ന് വാടകയ്ക്ക് എടുക്കാനുള്ള ഗതാഗത വകുപ്പിൻ്റെ 2000 കോടി രൂപയുടെ തീരുമാനം തടയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നേരത്തെ നടന്ന ടെൻഡർ നടപടികൾ റദ്ദാക്കണമെന്നും പൊതുഗതാഗത ബസുകൾക്കായി പുതിയ ടെൻഡർ പ്രഖ്യാപിക്കണമെന്നുമാണ് ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, 900 ആംബുലൻസുകളും 12,000 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനുള്ള ഷിൻഡെ സർക്കാരിൻ്റെ തീരുമാനങ്ങളിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ മുൻ മന്ത്രിയും ശിവസേന എംഎൽഎയുമായ താനാജി സാവന്ത് ആംബുലൻസ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ ഉൾപ്പെട്ടിരുന്നു. ഇവിടെയും ചില കരാറുകാർക്കും വിതരണക്കാർക്കും അനുകൂലമായി ടെൻഡർ വ്യവസ്ഥകൾ തിരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, പദ്ധതികളുടെ ചെലവ് 9000 കോടിയിൽ നിന്ന് 12000 കോടിയിലെത്തുന്നതു വരെ പലതവണ വർദ്ധിപ്പിച്ചതും സംശയത്തിന്റെ നിഴലിലാണ്.
സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനവും അന്വേഷണത്തിലാണ്. ശിവസേന എംഎൽഎയും മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായ ദീപക് കേസാർക്കർ സ്കൂൾ യൂണിഫോം വാങ്ങാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിച്ചിരുന്നു. മന്ത്രിമാരുടെ നിയമനങ്ങളിലും, ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയെയും ക്യാബിനറ്റ് മന്ത്രി ഭരത് ഗോഗവാലെയെയും യഥാക്രമം നാസിക്, റായ്ഗഡ് ജില്ലകളിലെ ഗാർഡിയൻ മന്ത്രിമാരായി നിയമിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഫഡ്‌നാവിസ് ഈ ആവശ്യം നിരസിച്ചു, ബിജെപി മന്ത്രി ഗിരീഷ് മഹാജനെ നാസിക് ഗാർഡിയൻ മന്ത്രിയായും എൻസിപി മന്ത്രി അദിതി തത്കരെ റായ്ഗഡ് ഗാർഡിയൻ മന്ത്രിയായും നിയമിച്ചു. തീരുമാനത്തിൽ ഷിൻഡെ അതൃപ്തി പ്രകടിപ്പിച്ചതോടെ, രണ്ട് നിയമനങ്ങളും താൽക്കാലികമായി നിർത്തി വച്ചിരിക്കയാണ്. നേരത്തെ, ആഭ്യന്തര മന്ത്രിസ്ഥാനം നൽകാത്തതിലുള്ള ഷിൻഡെയുടെ അതൃപ്തി സത്യപ്രതിജ്ഞാ ചടങ്ങ് വൈകാൻ കാരണമായിരുന്നു.
Post a Comment