വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെൻററി സമിതി ഇന്ന് വീണ്ടും യോഗം ചേരും. ബില്ലിന് അന്തിമ അംഗീകാരം നൽകുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുക. പാർലമെൻറ് അനക്സിലാണ് യോഗം ചേരുന്നത്. ബില്ലിന്റെ കരട് റിപ്പോർട്ട് സംയുക്ത പാർലമെന്ററി സമിതി അംഗങ്ങൾക്ക് വിതരണം ചെയ്തു. 14 വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താനാണ് സമിതിയുടെ അനുമതി. വിവാദ വ്യവസ്ഥകളിൽ ഭൂരിഭാഗവും നിലനിർത്തിയതായിട്ടാണ് വിവരം. വഖഫ് നിയമം എന്ന് പേര് മാറ്റി,ഉമീദ് ( യൂനിഫൈ ഡ് വഖഫ് മാനേജ്മെന്റ് എപവർമെ ന്റ് എഫിഷ്യൻസി ആൻഡ് ഡെവല പ്മെന്റ്) എന്ന പേര് നൽകാനാണ് ശിപാർശ.ബോർഡിൽ രണ്ട് അമുസ്ലിമുകൾ വേണമെന്ന വ്യവസ്ഥയും നിലനിർത്തും. എക്സോഫിഷ്യൽ സെക്രട്ടറി അമുസ്ലിം ആയാലും, ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ.
അതേസമയം, വഖഫ് സ്വത്തുക്കൾ സർവ്വേ നടത്തി നിർണയിക്കാനുള്ള അവകാശം വഖഫ് കമ്മീഷണർമാരിൽ നിന്നും ജില്ലാ കളക്ടർമാർക്ക് നൽകാൻ വ്യവസ്ഥ ചെയ്യുന്നു. വഖഫ് ട്രൈബ്യൂണലിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സർക്കാർ സ്വത്തും വഖഫ് സ്വത്തായി പരിഗണിക്കില്ലെന്ന് കരട് ബില്ലിൽ കൂട്ടിച്ചേർക്കുന്നു.
ബില്ല് പാസാക്കുന്നതോടെ മുസ്ലിങ്ങൾ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നാണ് ബിജെപി എംപിയും വഖഫ് പാനൽ അംഗവുമായ നിഷികാന്ത് ദുബെയുടെ പരാമർശം. ഈ നിയമം മുൻകാല പ്രാബല്യത്തിൽ വരുമെന്നും വഖഫ് സ്വത്തുക്കൾ അപഹരിക്കപ്പെടുമെന്നും ജനങ്ങൾ കരുതുന്നുവെന്നും ദുബെ ചൂണ്ടിക്കാട്ടി. ഒരു നിയമവും മുൻകാല പ്രാബല്യത്തിൽ വരില്ല, രജിസ്റ്റർ ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളും അങ്ങനെ തന്നെ തുടരും. അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. ബില്ല് വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്ന ആശങ്ക ഞങ്ങൾ പരിഹരിച്ചുവെന്നും ദുബെ കൂട്ടിച്ചേർത്തു.
Post a Comment