ഇന്ത്യൻ സിനിമയിൽ സ്ഥിരതയോടെ വളരുന്ന ഒരേയൊരു സിനിമ ഇൻഡസ്ടറി മലയാളം സിനിമ മാത്രം ആണ് എന്ന് സംവിധായകൻ മണിരത്നം. കോഴിക്കോട് നടന്ന കേരള ലിട്രേച്ചർ ഫെസ്റ്റിൽ നടൻ പ്രകാശ് രാജുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മണിരത്നം. ഒരു മഹാഭാഗ്യമായി കാര്യമെന്തെന്നാൽ ഗൗരവതരമായ സിനിമകൾ എന്നും മലയാളത്തിൽ നിർമ്മിക്കപ്പെട്ടിരുന്നു എന്നതാണ്.

ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പദ്മരാജൻ തുടങ്ങിയ സംവിധായകർ ചേർന്ന് ഇൻഡസ്ട്രിക്ക് തന്നെ ഉന്നതമായൊരു നിലവാരം ഉണ്ടാക്കിയെടുത്തു. അത് അസൂയാർഹവുമാണ്, കാരണം തമിഴിൽ അങ്ങനെയൊന്നു തങ്ങൾക്കില്ലായിരുന്നു. ജനപ്രിയ സിനിമാ സമീപനത്തിനുള്ളിൽ നിന്നുകൊണ്ടാണ് തമിഴിൽ സെൻസിബിൾ സിനിമകൾ നിർമ്മിക്കപ്പെട്ടത് എന്നും മണിരത്നം പറഞ്ഞു.
മലയാളം സിനിമ, ഇന്ത്യൻ സിനിമക്ക് പ്രമേയ സ്വീകരണത്തിലും തിരക്കഥാരചനയിലും എങ്ങനെ വഴികാട്ടിയാകുന്നുവെന്ന വിഷയം സംവാദത്തിൽ ഉൾപ്പെട്ടിരുന്നു. രാജ്യത്തെ പ്രാദേശിക സിനിമകളെയെല്ലാം ബോളിവുഡ് എന്ന ഒറ്റ കുടക്കീഴിനുള്ളിൽ നിർത്തിയ കാലഘട്ടം പിന്നിട്ട്, എല്ലാ തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രികളും സ്വന്തം വിലാസത്തിൽ അറിയപ്പെടാൻ തുടങ്ങി എന്ന് മണിരത്നം പറഞ്ഞു.
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ഇരുവർ റിലീസായി മൂന്ന് പതിറ്റാണ്ടിനു ശേഷം താനും മണിരത്നവും കേരള ലിട്രേച്ചർ ഫെസ്റ്റിൽ ഒത്തുചേർന്നു എന്ന് പ്രകാശ്‌രാജ് Xൽ കുറിച്ചു. ജനുവരി 23 മുതൽ 26 വരെ കോഴിക്കോട് നടന്ന മേളയിൽ സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

.jpg)
.jpeg)


Post a Comment