കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം നടത്തണം - കെ എസ് യു : സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് കെ എസ് യു

 


കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ ഭവത്ത് മാനവിന്റെ ആത്മഹത്യയ്ക്ക് കാരണമായത് അധ്യാപകരുടെ അപക്വമായ ഇടപെടലിന്റെ ഫലമാണെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

ഭീഷണിപ്പെടുത്തിയും അപമാനിച്ചും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളി വിട്ട് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന പ്രാകൃത രീതികൾ അധ്യാപകർ മാറ്റണമെന്നും വിദ്യാർത്ഥി സൗഹൃദ പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ ആവശ്യപ്പെട്ടു.സ്കൂളിലേക്ക് കെ എസ് യു നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്കൂൾ പ്രിൻസിപ്പലുമായി ചർച്ച നടത്തിയ നേതാക്കൾക്ക് പി ടി എ പ്രതിനിധികളെ അടക്കം ഉൾപ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകിയതായി കെ എസ് യു നേതാക്കൾ അറിയിച്ചു.

കൃത്യമായ അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് കെ എസ് യു പരാതി നൽകി.കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നിഹാൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ, തീർത്ഥ നാരായണൻ,അശ്വന്ത്, അഹല്യ, കൃഷ്‌ണേന്തു, അഭിരാം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

AD01

 


AD02