റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കും 24 പ്ലാറ്റൂണുകള്‍ അണിനിരക്കും, പൊതുജനങ്ങള്‍ക്ക് നേരിട്ട് വീക്ഷിക്കാം

 


ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാൻ  ജില്ലാ കലക്ടര്‍ അരുണ്‍.കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിന പരേഡില്‍ 24 പ്ലാറ്റൂണുകള്‍  അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും പരേഡിന്റെ ഭാഗമായി ഉണ്ടാകും. 

പൊലീസ് -നാല്, എക്സൈസ് -ഒന്ന്, ഫോറസ്റ്റ് -ഒന്ന്, എന്‍സിസി -നാല്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് -ആറ്, എസ് പി സി -നാല്, ജൂനിയര്‍ റെഡ് ക്രോസ്-നാല് എന്നിങ്ങനെയാണ് പരേഡില്‍ പ്ലാറ്റൂണുകള്‍ അണിനിരക്കുക. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ആര്‍ടിഒ, ആരോഗ്യവകുപ്പ്, ശുചിത്വ മിഷന്‍, വ്യാവസായിക വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ പ്ലോട്ടുകളാണുണ്ടാവുക.

ദേശഭക്തിഗാനം, ദേശീയഗാനം, ബാന്‍ഡ് മേളം, തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വീക്ഷിക്കാം. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനം ജനുവരി 22, 23, 24 തിയതികളില്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും.

സുരക്ഷാ ക്രമീകരണം, പന്തല്‍, അലങ്കാരങ്ങള്‍, മൈതാനം നിരപ്പാക്കല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, ശുചീകരണം, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, ബാന്‍ഡ് സെറ്റ്, കലാപരിപാടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എ.ഡി.എം സി പദ്മചന്ദ്രകുറുപ്പ്, ഹുസൂര്‍ ശിരസ്തദാര്‍ പി. പ്രേംരാജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

Previous Post Next Post

AD01

 


AD02