പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി; ഹൈക്കോടതിയെയും സമീപിച്ചേക്കും


കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊലപ്പെടുത്തിയ കടുവ ചത്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. കടുവയെ പിടികൂടുന്നതിലെ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നു. കാടിനുള്ളില്‍ അതിക്രമിച്ചുകയറി എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഇതില്‍ സംഘടന ഹൈക്കോടതിയില്‍ കേസ് നല്‍കാനും നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.

പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവയെ മയക്കുവെടിവെക്കാനുള്ള നടപടികള്‍ക്കിടെ അതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് കടുവ ചത്തുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതിനിടയില്‍ കടുവ കാടിനുള്ളിലേക്ക് കയറി. ഈ സമയം മറ്റൊരു കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കടുവ ചത്തതില്‍ രൂക്ഷവിമര്‍ശനവുമായി കേരളത്തെ വിമര്‍ശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം തുടര്‍ച്ചയായി നിയമം ലംഘിക്കുകയാണ്. ആനയേയും കടുവയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടമെന്നും മനേക ഗാന്ധി വിമര്‍ശിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02