ഓള്‍ പ്രമോഷൻ വന്നതിന് ശേഷം അധ്യാപകർക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഉത്തരവാദിത്വമില്ലാതായെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഈ സമ്പ്രദായം തകർക്കുമെന്നും മന്ത്രി പറഞ്ഞു. ബിഹാർ, യുപി പോലുള്ള സംസ്ഥാനങ്ങളില്‍ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി കേന്ദ്ര സർക്കാരാണ് ഓള്‍ പ്രമോഷൻ എന്ന സംവിധാനം കൊണ്ടുവന്നത്. കേരളത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന 95 ശതമാനം വിദ്യാർഥികളും 10-ാം ക്ലാസ് വരെ പഠിക്കുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും ഇവിടെ ഓള്‍ പ്രമോഷൻ പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതോടെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മടിയന്മാരായി. മുൻപ് ഏതെങ്കിലുമൊരു ക്ലാസില്‍ വിദ്യാർഥികള്‍ തോറ്റാല്‍ അധ്യാപകനാണ് ചീത്തപ്പേര്. അത് ഭയന്ന് അവർ നന്നായി കുട്ടികളെ പഠിപ്പിക്കുമായിരുന്നു. ഇന്ന് ആ രീതി മാറിയെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. ഡിഇഒമാരുടെ പരിശോധനകളും കുറഞ്ഞു. സബ്ജക്‌റ്റ് മിനിമം സംവിധാനം കൊണ്ടുവന്ന ശേഷം കുട്ടികളുടെ മറ്റു കഴിവുകള്‍ വിലയിരുത്തി 20 മാര്‍ക്ക് അധ്യാപകര്‍ നേരിട്ട് നല്‍കാം. പാസാകാന്‍ ശേഷിച്ച പത്ത് മാര്‍ക്ക് മാത്രം കുട്ടികള്‍ക്ക് പരീക്ഷയെഴുതി എടുത്താല്‍ മതി. ഈ രീതി ഒഴിവാക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയും പിന്തുണയ്ക്കുന്നുണ്ട്. ഈ വർഷം പത്താം ക്ലാസ് ഒഴികെ എട്ടാം ക്ലാസ് മുതലുള്ള ക്ലാസുകളില്‍ ഈ രീതി ഒഴിവാക്കും. കുട്ടികള്‍ തോല്‍ക്കാൻ അനുവദിക്കില്ല. അത്തരം കുട്ടികള്‍ക്ക് പ്രത്യേക ട്യൂഷൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മൊബൈല്‍ നമ്പർ ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം അറിയാം. ദിവസവും കുട്ടികള്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യാറുണ്ട്. ചോദ്യ പേപ്പർ മുതല്‍ അധ്യാപകർക്കെതിരെ വരെ പരാതികള്‍ പറയാറുണ്ട്. ഒരിക്കല്‍ ഒരു വിദ്യാർഥി പരാതി നല്‍കിയത് അവന്റെ ഹിന്ദി അധ്യാപകനെ കുറിച്ചായിരുന്നു. അദ്ദേഹം ക്ലാസില്‍ വന്നാല്‍ ഡിക്റ്റേഷൻ ഇടും, ശരിയായ രീതിയില്‍ പഠിപ്പിക്കില്ല, ക്ലാസില്‍ കാലിന്മേല്‍ കാല് കയറ്റിവെച്ചിരിക്കും എന്നൊക്കെയാണ്. കുട്ടികള്‍ അത്തരം രീതികള്‍ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നാണ് അതിനർഥം. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയരാൻ അധ്യാപകർ സഹകരിച്ചേ മതിയാകൂ. അതിന്റെ ഭാഗമായി അധ്യാപകർക്ക് ഇപ്പോള്‍ ഇന്‍റന്‍സീവ് ട്രെയിനിങ് നല്‍കുന്നുണ്ട്. മുൻപ് ഒരു ദിവസം നടത്തിയിരുന്ന ട്രെയിനിങ് ഒരാഴ്ചയാണ് ഇപ്പോള്‍ അധ്യാപകർക്ക് പരിശീലനം നല്‍കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഓള്‍ പ്രമോഷന്‍ അധ്യാപകരെ അലസരാക്കി വിദ്യാഭ്യാസ മന്ത്രി
WE ONE KERALA
0
Post a Comment