തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരരുടെ ബോംബാക്രമണം, പാകിസ്ഥാനിൽ 9 മരണം


ഇസ്ലാമാബാദ്: 
തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപത്തുണ്ടായ ഭീകരാക്രമണത്തിൽ 9 തൊഴിലാളികൾ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിലാണ് ഇത്രയും പേർ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ സലീം തരീൻ എഎഫ്‌പിയോട് പറഞ്ഞു. ഐഇഡി സ്ഫോടനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്തെ ഒരു ഖനിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി ആഗ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. 

Post a Comment

Previous Post Next Post

AD01

 


AD02