യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്വമില്ല എന്ന നിലപാടു മാറ്റം കേന്ദ്രം സ്വീകരിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി ഡോ. ജോൺ ബ്രിട്ടാസ് എം പി. വിദേശകാര്യ മന്ത്രി ജയശങ്കർ അയച്ച മറുപടിയും പിന്നീട് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടിയും ഡോ.ജോൺ ബ്രിട്ടാസ് പങ്കുവെച്ചു .
ബ്ലഡ്മണി നൽകി മോചിപ്പിക്കുന്നതിന് വേണ്ട ശ്രമവും കേന്ദ്രം സ്വീകരിച്ചിരുന്നു എന്നാണ് മോചനവുമായി ബന്ധപ്പെട്ട് താൻ നൽകിയ കത്തിൽ കേന്ദ്രം അറിയിച്ചത്. എന്നാൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് 2025 ഫെബ്രുവരി 12ന് രാജ്യസഭയിലെ തന്റെ ചോദ്യത്തിനും തുടർന്നുള്ള അനുബന്ധ ചോദ്യങ്ങൾക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി നൽകിയ മറുപടിയിൽ പ്രതിഫലിച്ചത് എന്നും ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. മോചനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്വമില്ല എന്ന നിലപാടുമാറ്റം കേന്ദ്രം സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഒരു വശത്ത് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് പറയുകയും മറുവശത്ത് മോചനം കുടുംബത്തിന്റെ മാത്രം കാര്യമാണെന്നും പറഞ്ഞ് കൈ കഴുകുകയും ചെയ്യുന്നു, ഈ വിരോധാഭാസമാണ് ഇപ്പോൾ ഉയർന്നുവരുന്ന ചർച്ചകൾക്ക് പിന്നിൽ എന്നും അദ്ദേഹം പങ്കുവെച്ചു.
ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ കുറിപ്പ്
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പ് രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയെ തുടർന്ന് ചൂട് പിടിച്ച ചർച്ചകളും വാദപ്രതിവാദങ്ങളും നടന്നുവരികയാണല്ലോ. അടിസ്ഥാന നിയമസഹായം പോലും ലഭിക്കാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നും ബ്ലഡ്മണി നൽകി അവരെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഞാൻ 2022 മാർച്ച് 22ന് വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി 2022 ഏപ്രിൽ 27ന് കേന്ദ്ര വിദേശകാര്യ മന്ത്രി എനിക്ക് നൽകിയ കത്തിൽ വ്യക്തമായി പറഞ്ഞിരുന്നത് വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും നിമിഷപ്രിയയുടെ കേസിലും കേന്ദ്രത്തിന്റെ പരിപൂർണ്ണ ഇടപെടൽ ഉണ്ടെന്നുമാണ്. മാത്രമല്ല, ബ്ലഡ്മണി നൽകി മോചിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന എന്റെ കത്തിലെ ആവശ്യത്തോട് സാമൂഹിക സംഘടനകളുമായി ചേർന്നുകൊണ്ട് യമനിലെ ട്രൈബൽ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിൽ മോചനത്തിനുള്ള സാധ്യതകൾ ആരായുകയും അതിനുവേണ്ടി ശ്രമിച്ചു വരികയുമാണ് എന്ന വ്യക്തമായ മറുപടി കത്തിൽ ഉണ്ടായിരുന്നു. അതായത്, ബ്ലഡ്മണി നൽകി മോചിപ്പിക്കുന്നതിന് വേണ്ട ശ്രമവും കേന്ദ്രം സ്വീകരിച്ചിരുന്നുവെന്നർത്ഥം. എന്നാൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് 2025 ഫെബ്രുവരി 12ന് രാജ്യസഭയിലെ എന്റെ ചോദ്യത്തിനും തുടർന്നുള്ള അനുബന്ധ ചോദ്യങ്ങൾക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി നൽകിയ മറുപടിയിൽ പ്രതിഫലിച്ചത്. നിമിഷപ്രിയയുടെ മോചനത്തിന് ബ്ലഡ്മണി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും തീരുമാനം എടുക്കേണ്ടതും നിർദ്ധനരായ നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവും തമ്മിലാണ് എന്ന നിലപാടിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. അതായത്, മോചനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്വമില്ല എന്ന നിലപാടുമാറ്റം കേന്ദ്രം സ്വീകരിച്ചിരിക്കുന്നു. ഒരു വശത്ത് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് പറയുകയും മറുവശത്ത് മോചനം കുടുംബത്തിന്റെ മാത്രം കാര്യമാണെന്നും പറഞ്ഞ് കൈ കഴുകുകയും ചെയ്യുന്നു; ഈ വിരോധാഭാസമാണ് ഇപ്പോൾ ഉയർന്നുവരുന്ന ചർച്ചകൾക്ക് പിന്നിൽ.
വിദേശകാര്യ മന്ത്രി ജയശങ്കർ അയച്ച മറുപടിയും പിന്നീട് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടിയും ഇതോടൊപ്പം.
Post a Comment