കേര’യ്ക്ക് സമാനമായ പേരിലും പാക്കിംഗിലും വ്യാജന്മാര്‍ ധാരാളമെന്ന് കേരഫെഡ്

 



കേരഫെഡ് വിപണിയിലിറക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ നിരവധി വ്യാജന്മാരുണ്ടെന്നും ഇത്തരം വ്യാജ ബ്രാന്‍ഡുകളുടെ വലയില്‍ വീഴാതെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കേര ഫെഡ്. ‘കേര’ യോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ സുലഭമാണ്. നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴും പല വ്യാജ വെളിച്ചെണ്ണ വിപണനക്കാരും അവരുടെ ബ്രാന്‍ഡിന് 200 രൂപ മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നതെന്ന് കേര ഫെഡ് അറിയിച്ചു2022 സെപ്റ്റംബറില്‍ 82 രൂപ ഉണ്ടായിരുന്ന കൊപ്രയുടെ വില 2025 ജനുവരിയില്‍ കിലോയ്ക്ക് 155 രൂപയില്‍ കൂടുതലാണെങ്കിലും, ഈ വ്യാജ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 200 മുതല്‍ 220 രൂപ വരെ മാത്രമേ വില ഈടാക്കുന്നുള്ളൂ. ഒരു കിലോഗ്രാം വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 1.5 കിലോഗ്രാം കൊപ്ര ആവശ്യമാണെന്നതിനാല്‍, ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഈ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിലയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മനസിലാക്കാം. യാഥാര്‍ഥ്യം ഇതായിരിക്കെ 200 രൂപ മുതല്‍ 220 രൂപ വരെ മാത്രം വിലയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണിയില്‍ വില്‍ക്കാന്‍ കഴിയില്ല എന്ന് ഉപഭോക്താക്കള്‍ക്ക് ചിന്തിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളില്‍ എത്തിച്ച്, ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങള്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണ് വലിയ ലാഭമെടുത്ത്  ഇവര്‍ വിപണനം ചെയ്യുന്നത്. നിലവാരമില്ലാത്ത വെളിച്ചെണ്ണ ദോഷകരമായ പദാര്‍ത്ഥങ്ങളുമായി കലര്‍ത്തുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് മാത്രമല്ല, കേരഫെഡിനെപ്പോലെ യഥാര്‍ത്ഥ ബ്രാന്‍ഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.ഇപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ടാങ്കറുകളില്‍ എത്തിക്കുന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും എന്നതിനാല്‍ കടകള്‍/സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഈ ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തുന്നതിന് കൂടുതല്‍ താത്പര്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ചില വന്‍കിട കമ്പനികള്‍ കൊപ്ര വിലയ്ക്ക് അനുസൃതമായി അവരുടെ എണ്ണ വില വര്‍ദ്ധിപ്പിക്കാതെ അളവില്‍ കുറവ് വരുത്തി പായ്ക്ക് ചെയ്ത് വിപണനം നടത്തി വരുന്ന സാഹചര്യവും നിലവിലുണ്ട്. അതായത് മുന്‍പ് ഒരു ലിറ്റര്‍ പാക്കറ്റിന് 280 രൂപ ഉണ്ടായിരുന്നത് 800 ML/750 ML ആയി അളവില്‍ കുറവ് വരുത്തിയതിന് ശേഷം മുന്‍പുണ്ടായിരുന്ന 280 രൂപ MRP യില്‍ തന്നെ വിപണനം ചെയ്യുന്ന രീതിയും കണ്ട് വരുന്നു. പെട്ടെന്ന് ശ്രദ്ധിക്കാന്‍ ഇടയില്ലാത്തതിനാല്‍ ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനാപരമായ സമീപനമാണ്.അതിനാല്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്നും, വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരഫെഡ് അഭ്യര്‍ത്ഥിക്കുന്നു. കേരഫെഡ് BIS സ്റ്റാന്‍ഡേര്‍ഡ് ഉറപ്പ് വരുത്തി മാത്രമാണ് വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് മാര്‍ക്കെറ്റില്‍ വിപണനം നടത്തുന്നത് എന്നും കേരഫെഡ് അറിയിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02