അധ്യാപികയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി


അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ കോഴിക്കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യക്തത കുറവ് ഉണ്ട്. വിഷയത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. കേസില്‍ വിശദമായ അന്വേഷണം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തുമെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിഷയത്തില്‍ മുഖം നോക്കാതെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. മാനേജ്മെൻ്റുകൾക്ക് ഭിന്നശേഷി നിയമനത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ സർക്കാരിൻ്റെ കാലയളവിൽ 43637 ഭിന്നശേഷി നിയമനം നിയമനം നടന്നു. ഭിന്നശേഷി നിയമനത്തിൽ നിയമനം കാത്തിരിക്കുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ബുധനാഴ്ചയാണ് കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ അധ്യാപിക അലിന ബെന്നി ആത്മഹത്യ ചെയ്തത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിൽ വരുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ആത്മഹത്യ. 6 വർഷമായിട്ടും അലിനക്ക് നിയമനം നൽകിയില്ലെന്നും അതിൽ മനംനൊന്താണ് ആത്മഹത്യ എന്ന പരാതിയുമായി പിതാവ് രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post

AD01

 


AD02