ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസമൊരുക്കുന്ന കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളോട് ഒഴിഞ്ഞു പോകാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ നോട്ടീസ്. എഴുപതോളം കുടുംബങ്ങള്‍ക്കാണ് ലയങ്ങളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. ഇന്നേക്ക് ഒഴിഞ്ഞുപോകാറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ ഇറങ്ങില്ലെന്ന നിലപാടിലാണ് കുടുംബങ്ങള്‍. അതേസമയം ഉരുള്‍പൊട്ടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരല്‍മലയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി വാര്‍ത്തകളില്‍ നിറഞ്ഞതല്ലാതെ യാതൊരു സഹായവും അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുകയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാലെ കടം എഴുത്തള്ളാനാകൂവെന്നാണ് ആദ്യം പറഞ്ഞത്. പ്രഖ്യാപനമുണ്ടായിട്ടും കടം തള്ളാന്‍ നടപടിയില്ല.
ഉരുള്‍പൊട്ടി അഞ്ചുമാസം വൈകിപ്പിച്ചാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിയതിനാല്‍ രാജ്യാന്തരതലത്തില്‍ ലഭിക്കുമായിരുന്ന സഹായങ്ങള്‍ നഷ്ടപ്പെട്ടു. ഒടുവില്‍ 529.50 കോടി രൂപ അനുവദിച്ചപ്പോള്‍ തിരിച്ചടക്കേണ്ട വായ്പയാക്കി. മാര്‍ച്ച് 31നകം തുക വിനിയോഗിക്കണമെന്ന അപ്രായോഗിക നിര്‍ദേശവും വച്ചു. വായ്പയായി അനുവദിച്ച തുകയുടെ ഗുണംപോലും ദുരന്തബാധിതര്‍ക്കും സംസ്ഥാനത്തിനും ലഭിക്കരുതെന്ന ലക്ഷ്യമാണ് ഉപാധിവച്ച് വായ്പ അനുവദിച്ചതിന്റെ പിന്നില്‍.
Post a Comment