ആനക്കൂട്ടത്തിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ച് കയറി; ആറ് ആനകൾക്ക് ദാരുണാന്ത്യം


വന്യജീവി സങ്കേതത്തിന് സമീപം പാസഞ്ചർ ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി ആറ് ആനകൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെ മിന്നേരിയയ്ക്ക് സമീപമുണ്ടായ അപകടത്തിൽ നാല് കുഞ്ഞു ആനകളും രണ്ട് വലിയ ആനകളും ആണ് കൊല്ലപ്പെട്ടത്. ട്രെയിൻ ആന കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റുകയായിരുന്നു. യാത്രക്കാർക്ക് സംഭവത്തിൽ പരിക്കില്ല. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവമെന്നാണ് അധികൃതർ വിശദമാക്കുന്നത്. പ്രകൃതി ഉദ്യാനത്തിനും വന്യജീവികൾക്കും പേരുകേട്ടതാണ് ഈ പ്രദേശമെന്ന് സർക്കാരിന്റെ വന്യജീവി വകുപ്പിന്റെ വക്താവ് ഹാസിനി ശരത്ചന്ദ്ര പറഞ്ഞു. പരിക്കേറ്റ രണ്ട് കാട്ടാനകൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വന്യജീവി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ സമീപ വർഷങ്ങളിൽ ആനകളെ ട്രെയിനുകൾ ഇടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് അപകടങ്ങൾ ഏറെയും നടക്കാറുള്ളത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ൽ ട്രെയിനുകൾ ഇടിച്ച് 24 ആനകൾ മരിച്ചപ്പോൾ, 2024 ൽ ഒമ്പത് ആനകൾ മാത്രമാണ് മരിച്ചത്. ആനകൾ പലപ്പോഴും ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങാറുണ്ട്. വിളകളും മറ്റും നശിപ്പിച്ചതിൽ പ്രകോപിതരായ നാട്ടുകാർ പലപ്പോഴും ഇവയെ ആക്രമിക്കാറുമുണ്ട്. വനമേഖലയ്ക്ക് സമീപത്ത് കൂടിയുള്ള റെയിൽ പാളങ്ങളിലൂടെ പോകുന്ന സമയത്ത് ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ഹോണുകൾ മുഴക്കണമെന്നും ലോക്കോ പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2018ൽ ഗർഭിണിയായ ആനയും രണ്ട് കുഞ്ഞുങ്ങളും ഹബാരനയിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ടിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.

Post a Comment

Previous Post Next Post

AD01

 


AD02