കണ്ണൂർ : തദ്ദേശ സ്ഥാപനങ്ങള്‍ മാർച്ച് 30 നകം ഏറ്റെടുത്ത് പൂർത്തിയാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് ഹരിത കേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം, ശുചിത്വമിഷൻ എന്നിവയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളുടെ യോഗം ചേർന്നു.ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി.തദ്ദേശ സ്ഥാപനങ്ങളില്‍ അതി ദാരിദ്ര്യനിർമാർജന പ്രഖ്യാപനം ഫെബ്രുവരിയോടെ പൂർത്തിയാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. വരള്‍ച്ച പ്രതിരോധിക്കാൻ പദ്ധതികള്‍ ആവിഷ്‌കരിക്കണം. പാനൂർ, തലശ്ശേരി, കണ്ണൂർ ബ്ലോക്കുകളില്‍ ജല ലഭ്യത കുറവ് കാണുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ഇടപെടല്‍ വേണം. മഴക്കാല ശുചീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കണം. 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ മാതൃകയില്‍ തോടുകളുടെ ശുചീകരണം, സംരക്ഷണം എന്നിവക്ക് തദ്ദേശസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. പരിപൂർണ സാക്ഷരത ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടുകൂടി നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ പ്രവർത്തനം യോഗം വിലയിരുത്തി. ഒന്നാം ഘട്ടത്തില്‍ 5163 പേർ പരീക്ഷ എഴുതി പാസായി. രണ്ടാംഘട്ടത്തില്‍ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. സർവ്വേ നടത്തി പഠിതാക്കളെയും സന്നദ്ധ അധ്യാപകരെ കണ്ടെത്തി പരിശീലനം നല്‍കി ജൂലൈയില്‍ പരീക്ഷ നടത്തുകയാണ് ലക്ഷ്യമിടുന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ അരുണ്‍, എൻ ആർ ഇ ജി എസ് ജോയിന്റ് ഡയറക്ടർ ജയ്സണ്‍ മാത്യു, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനില്‍കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോണ്‍ എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
.jpg)




Post a Comment