പാതിവില തട്ടിപ്പില്‍ സായിഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തട്ടിപ്പിന് നേതൃത്വം നല്‍കിയത് കെ.എന്‍ ആനന്ദകുമാര്‍ ആണെന്ന് NGO കോണ്‍ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മോഹനന്‍ മാങ്ങാട് ട്വന്റിഫോറിനോട് പറഞ്ഞു. നാഷണല്‍ NGO കോണ്‍ഫെഡറേഷന്‍ എന്ന ആശയം ആനന്ദകുമാറിന്റേതാണ്. അനന്തുകൃഷ്ണന്‍ ആനന്ദകുമാറിന്റെ ശമ്പളക്കാരനെന്നും മോഹനന്‍ മാങ്ങാട് പറഞ്ഞു.നീതി ആയോഗിന് കീഴില്‍ സന്നദ്ധ സംഘടനകളുടെ വെരിഫിക്കേഷമ് വേണ്ടി, സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയ ദേശീയ പോര്‍ട്ടലില്‍ (എന്‍ജിഒ ദര്‍പണ്‍) അംഗങ്ങളായ സന്നദ്ധ സംഘടനകളുടെ അഡ്രസ് വച്ചിട്ടാണ് ആനന്ദ കുമാര്‍ 2022 മേയ് മാസത്തില്‍ ഞങ്ങളെ എറണാകുളത്തേക്ക് വിളിക്കുന്നത്. സംസ്ഥാന തലത്തില്‍ എന്‍ജിഒയുടെ പ്ലാറ്റ്‌ഫോം വേണം, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കണം എന്നതിന്റെ ഭാഗമായായിരുന്നു ഇത്. ഇതിന് മുന്‍കൈ എടുത്തത് സായിഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍ ആണ്. ആനന്ദകുമാര്‍ ആണ് ഇതിന്റെ സ്ഥാപകന്‍. മാനേജിങ് ട്രസ്റ്റി അദ്ദേഹമാണ്. അനന്തു കൃഷ്ണന്‍ അദ്ദേഹത്തിന്റെ ശമ്പളക്കാരന്‍ എന്നാണ് ഞങ്ങള്‍ മനസിലാക്കിയിട്ടുള്ളത് – മോഹനന്‍ മാങ്ങാട് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും മോഹനന്‍ മാങ്ങാട് പറഞ്ഞു.അതേസമയം, പാതിവില തട്ടിപ്പ് കേസില്‍, സംഭാവന വാങ്ങിയ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം. സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്നും തീരുമാനം. കേസില്‍ മുഖ്യപ്രതി അനന്തുകൃഷ്ണനെ കേന്ദ്രീകരിച്ച് മാത്രമാകും അന്വേഷണം. പൊതു പ്രവര്‍ത്തകര്‍ സംഭാവന വാങ്ങിയത് തെറ്റല്ല എന്നാണ് വിലയിരുത്തല്‍. അനന്തു തട്ടിപ്പുകാരന്‍ എന്നത് പൊതു പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന രീതിയില്‍ മുന്നോട്ട് പോകാനാണ് നിര്‍ദേശമെന്നാണ് വിവരം.
WE ONE KERALA -NM
Post a Comment