മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന് 13വർഷവും 9 മാസവും തടവും രണ്ടു ലക്ഷത്തി പതിനായിരം പിഴയും, രണ്ടാം പ്രതി ശിഹാബുദ്ദീന് 8 വർഷം 9 മാസം തടവും 15,000 രൂപ പിഴയും, ആറാം പ്രതി നിഷാദിന് 5 വർഷം 9 മാസം തടവും 15,000 പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് എം തുഷാർ ആണ് വിധി പറഞ്ഞത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിയ്ക്കൽ എന്നിവ കണ്ടെത്തി. മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താതെ നരഹത്യ തെളിയിയ്ക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ കേസാണിത്.
2019 ആഗസ്‌തിലാണ് കേസിനാസ്പദമായ സംഭവം. മൈസൂരു സ്വദേശിയായ ഷാബ ഷെരീഫിനെ ഒറ്റമൂലി രഹസ്യം അറിയാൻ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫിന്റെ സംഘം തട്ടിക്കൊണ്ടുവന്ന് ഒരുവർഷത്തിൽ അധികം മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചു. 2020 ഒക്ടോബറിൽ കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയതിനാൽ അവശിഷ്ടങ്ങൾപോലും കണ്ടെത്താനാകാത്ത ഷാബ ഷെരീഫ് വധക്കേസ് അന്വേഷണത്തിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ ആണ്. സാഹചര്യ തെളിവുകളും സൈബർ തെളിവുകളും കേസിന് ബലമേകി. പ്രതി ഷൈബിൻ അഷ്റഫ് ഉപയോഗിച്ച കാറിൽനിന്ന് ലഭിച്ച മുടി ഷാബ ഷെരീഫിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. ഷാബ ഷെരീഫിനെ ചങ്ങലക്കിട്ട് കിടത്തിയ വീഡിയോ ദൃശ്യങ്ങളും പ്രതികളുടെ ഫോണിൽനിന്ന് കണ്ടെത്തി.
ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പിൽ രക്തക്കറയും അന്വേഷകസംഘം കണ്ടെത്തി. ശുചിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമന്റ് എന്നിവയിലും രക്തക്കറയുണ്ടായിരുന്നു. ചാലിയാർ പുഴയുടെ എടവണ്ണ ഭാഗത്തുനിന്ന് തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് മറ്റ് നിർണായക തെളിവുകൾ.
Post a Comment