നോട്ടിസ് നല്‍കി 24 മണിക്കൂറിനുള്ളില്‍ വീടുകള്‍ പൊളിച്ചുമാറ്റിയത് ഞെട്ടിച്ചു;പുനര്‍നിര്‍മിച്ചു കൊടുക്കേണ്ടി വരും'' : യുപി സര്‍ക്കാരിനോട് സുപ്രിംകോടതി




ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. നോട്ടിസ് നല്‍കി 24 മണിക്കൂറിനകം വീടുകള്‍ പൊളിച്ച സംഭവങ്ങളുണ്ടെന്നും അവ സര്‍ക്കാര്‍ തന്നെ പുനര്‍നിര്‍മിച്ച് നല്‍കേണ്ടി വരുമെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വീടിന്റെ ഉടമകള്‍ക്ക് നോട്ടിസിന് മറുപടി നല്‍കാനോ അപ്പീല്‍ നല്‍കാനോ പോലും സമയം നല്‍കാതെ വീടുകള്‍ പൊളിച്ച രീതി ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. അലഹബാദ് സ്വദേശികളായ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ ഹൈദറും പ്രഫ. അലി അഹമ്മദും രണ്ടു വിധവകളും മറ്റൊരാളുമാണ് ഹരജി നല്‍കിയിരുന്നത്. ശനിയാഴ്ച രാത്രി വൈകി അധികാരികള്‍ പൊളിച്ചുമാറ്റല്‍ നോട്ടീസ് നല്‍കുകയും അടുത്ത ദിവസം വീടുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തതിനാല്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്ന് അഡ്വ. സുല്‍ഫിക്കര്‍ ഹൈദര്‍ വാദിച്ചു. 2023ല്‍ കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് അതീഖ് അഹമദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തന്റെ വീട് പൊളിച്ചതെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാനസര്‍ക്കാര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുമ്പ് അപ്പീല്‍ നല്‍കാന്‍ ന്യായമായ സമയം നല്‍കണം. മാര്‍ച്ച് ആറിന് നോട്ടീസ് നല്‍കി ഏഴിന് പൊളിച്ചുമാറ്റല്‍ നടത്തി. ഇത്തരം നടപടികള്‍ ആര്‍ക്കും സഹിക്കാനാവില്ല. സുപ്രിംകോടതി തന്നെ ഇത് അനുവദിക്കുകയാണെങ്കില്‍ ബുള്‍ഡോസര്‍ രാജ് തുടരുമെന്നും ബെഞ്ച് പറഞ്ഞു. എന്തായാലും സര്‍ക്കാരിന്റെ നിലപാടിനായി കേസ് ഏപ്രില്‍ 21ലേക്ക് മാറ്റി. അതേസമയം, ഇന്ത്യയുടെ ക്രിക്കറ്റ് മല്‍സരം നടക്കുമ്പോള്‍ വീടിന് അകത്തിരുന്ന് രാജ്യദ്രോഹപരമായ സംഭാഷണം നടത്തിയെന്ന കേസിലെ ആരോപണ വിധേയനായ പതിനഞ്ചുകാരന്റെ വീട് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ് അയച്ചു. വഴിയില്‍ കൂടെ നടന്നുപോയ ഒരാള്‍ നല്‍കിയ പരാതിയിലാണ് ഈ കേസെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02