നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5ന്


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് മെയ്‌ മാസത്തോടെ ഉണ്ടാകും എന്ന് സൂചന. അന്തിമ വോട്ടർ പട്ടിക മെയ്‌ 5ന് പ്രസിദ്ധീകരിക്കാനാണ് നിർദേശം. കോൺഗ്രസിൽ രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാറിനും സിപിഐഎമ്മിന്റേത് എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കിയത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിലേതിന് സമാനമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്ന തീരുമാനത്തിലാണ് കെപിസിസി. അതേസമയം, യുഡിഎഫിന്റെ വിജയം പി വി അൻവറിന്റെ നേട്ടമായി വിലയിരുത്തപ്പെടും എന്നതിനാൽ സിപിഐഎമ്മിന് അഭിമാന പോരാട്ടമാണ് നിലമ്പൂരിൽ. സിപിഐഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. ഒരു സർപ്രൈസ് സ്വതന്ത്ര സ്ഥാനാർഥി വരാനാണ് സാധ്യത. നിലമ്പൂർ മണ്ഡലത്തിന് കീഴിൽ ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്. നിലമ്പൂർ നഗരസഭ അമരമ്പലം, പോത്തുകൽ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് ഭരണം. ചുങ്കത്തറ എടക്കര വഴിക്കടവ് കരുളായി മൂത്തേടം എന്നിവിടങ്ങളിൽ യുഡിഎഫും. ബിജെപിയ്ക്ക് പുതിയ അധ്യക്ഷൻ എത്തിയതിനുശേഷം ഉള്ള ആദ്യ തിരഞ്ഞെടുപ്പ് ആയിരിക്കും അതുകൊണ്ടുതന്നെ കരുത്ത് കാണിക്കാൻ ബിജെപിയും ഉണ്ടാകും. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ നിലമ്പൂരിൽ അതിശക്തമായ പോരാട്ട ചൂടായിരിക്കുമെന്ന് നിസംശയം പറയാം.

Post a Comment

Previous Post Next Post

AD01

 


AD02