നുച്യാട് - മണിക്കടവ് - കാഞ്ഞിരകൊല്ലി റോഡിൻ്റെ നിർമ്മാണം മാർച്ച് 30 നകം നടത്തിയിട്ടില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.പ്രസ്തുത റോഡിൻ്റെ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് സജീവ് ജോസഫ് എം.എൽ.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2023-24 ബഡ്‌ജറ്റിൽ 4 കോടി രൂപ അനുവദിച്ച നുച്യാട് - മണിക്കടവ് കാഞ്ഞിരകൊല്ലി റോഡിൻ്റെ നിർമ്മാണം സമയത്ത് പൂർത്തീകരിക്കാത്തതിനാൽ പല തവണ കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നുവെങ്കിലും ഈ കാലയളവിലും പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുവാൻ കരാറുകാരന് സാധിച്ചിട്ടില്ല. ഈ കരാറുകാരൻ മുമ്പ് ഏറ്റെടുത്ത 2 പ്രവൃത്തികളും പൂർത്തികരിച്ചിട്ടില്ല. ഇത്തര കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇപ്പോൾ ഈ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. റോഡ് കുത്തിപ്പൊളിച്ചതിനാൽ പൊടിശല്യം രൂക്ഷമാണ്. വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇതു വഴി പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാർ ക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചു. കരാറുകാരനെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനും കരാറുകാരന്റെ പ്രവൃത്തി അവസാനിപ്പിച്ച് പുന:ക്രമീകരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
WE ONE KERALA -NM
Post a Comment