പക്ഷിച്ചിറകിൻ്റെ ആകൃതിയിൽ ഒരു പാലം, സംസ്ഥാന - ദേശീയപാതകളെ ബന്ധിപ്പിക്കും; ഇത് കേരളത്തിൽ ആദ്യം

 

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലത്തിൻ്റെ നിർമാണം പൂർത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യു‌തീകരണ പ്രവർത്തികളും കെൽട്രോൺ മുഖേന പൂർത്തിയാക്കും. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമിച്ച പാലം സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. പ്രീ സ്ട്രെസ്ഡ് ബോക്സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ - സ്റ്റേയ്ഡ് ഡിസൈനും ചേർന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമാണ രീതിയാണ് കേബിൾ സ്റ്റേയ്ഡ് ഡിസൈൻ ഇതിനെയാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ എന്ന് വിളിക്കുന്നത്. വാഹനഗതാഗതം തീർത്തും ഇല്ലാതിരുന്ന പ്രദേശമായിരുന്നു തോട്ടപ്പള്ളിയിലെ നാലുചിറ. ഇല്ലിച്ചിറ, നാലുചിറ പ്രദേശവാസികൾ കടത്തുവള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തി കൊട്ടാരവളവിലൂടെ ദേശീയപാതയിൽ എത്തിയിരുന്നത്. ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്.

കിഫ്‌ബി ധനസഹായത്താൽ നിർമിച്ച ഈ മനോഹരമായ പാലം ആലപ്പുഴയുടെ ടൂറിസം മേഖലയുടെയും കൃഷി, വ്യാവസായിക വികസനം എന്നിവയുടെയും വളർച്ചക്ക് സഹായകമകും. 2019ലാണ് പാലം നിർമാണം ആരംഭിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. ദേശീയപാത 66നെയും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽനിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും. തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗത തടസ്സം ഉണ്ടായാൽ സമാന്തര പാതയായി ഈ പാലം പ്രയോജനപ്പെടുത്താം. ആദ്യം 38 കോടി രൂപയാണ് പാലം നിർമാണത്തിനായി വകയിരുത്തിയിരുന്നത്. പുതുക്കിയ സാങ്കേതിക അനുമതി പ്രകാരം 60.73 കോടി രൂപയ്ക്കാണ് പാലം നിർമാണം പൂർത്തിയാകുന്നത്. ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തിൽ ഒരുക്കിയിരിക്കുന്നത്. 458 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്. 70 മീറ്റർ വീതമുള്ള മധ്യസ്പാൻ കൂടാതെ, 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 24.5 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 19.8 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 12 മീറ്റർ വീതമുള്ള 17 സ്പാനുകൾ എന്നിവയുള്ള പാലത്തിന്റെ ആകെ വീതി 11.2 മീറ്ററാണ്. പമ്പാ നദിയുടെയും സമൃദ്ധമായ നെൽവയലുകളുടെയും അപ്പർ കുട്ടനാടിന്റെയും അതിമനോഹര കാഴ്ചകളാണ് പാലം സമ്മാനിക്കുന്നത്. പാലത്തിൽ നിന്നാൽ തോട്ടപ്പള്ളി സ്പിൽവേയും തോട്ടപ്പള്ളി കടപ്പുറത്തെ സൂര്യാസ്തമയവും ലീഡിങ് ചാനലിലെ മനോഹരമായ കാഴ്ചകളും കാണാനാകും. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ എന്നിവിടങ്ങളിലൂടെയാണ് പാലം കടന്നു പോകുന്നത്. ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാരമേഖലക്കും തോട്ടപ്പള്ളി നാലുചിറപ്പാലം വലിയ മുതൽക്കൂട്ടാവും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02