മണല്‍ വേട്ടക്കിടയില്‍ മണല്‍ മാഫിയയുടെ കയ്യേറ്റം: എസ്ഐക്ക് പരിക്ക്, രണ്ടുപേര്‍ അറസ്റ്റില്‍


പയ്യന്നൂര്‍: അനധികൃത മണല്‍വേട്ടക്കിടയില്‍ പോലീസിന് നേരെ മണല്‍മാഫിയയുടെ കയ്യേറ്റം. എസ്ഐക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാമന്തളി പാലക്കോട് സ്വദേശികളായ ഫവാസ്(35), മുഹമ്മദ് ഷെരീഫ്(35) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഏഴേമുക്കാലോടെ കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് മേല്‍പ്പാലത്തിന് താഴെനിന്നും മണല്‍ കയറ്റി പോവുകയായിരുന്ന ഗുഡ്സ് വാഹനം പിടികൂടുകയായിരുന്നു. ഇതിനിടെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നും ബൈക്കിലെത്തിയ ഫവാസ് എസ്ഐ ദിലീപിനേയും കൂടെയുള്ള പോലീസിനേയും തള്ളിമാറ്റി പോലീസ് പിടികൂടിയ വാഹനത്തില്‍ കയറി മൂന്നുപേരും കൂടി കടന്നുകളയാന്‍ ശ്രമിച്ചു. ഇതു തടയാനായി ശ്രമിച്ച തന്റെ കൈപിടിച്ച് വാഹനത്തിന്റെ ഡോറില്‍ ബലമായി ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് എസ്്ഐ ദിലീപിന്റെ പരാതിയില്‍ പറയുന്നു. പോലീസിന്റെ കയ്യിലുണ്ടായിരുന്ന ഗുഡ്സ് വാഹനത്തിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയ പ്രതികള്‍ വാഹനവുമായി കടന്നുകളഞ്ഞതായുള്ള  പരാതിയിലാണ് ഫവാസിനും മുഹമ്മദ് ഷെരീഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്നയാള്‍ക്കുമെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അക്രമിച്ചതിനുമെതിരെ കേസെടുത്തത്. പരിക്കേറ്റ എസ്ഐ ദിലീപ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രക്ഷപ്പെട്ട പ്രതികളെ പിന്നീട് പാലക്കോട്, പരിയാരം എന്നിവിടങ്ങളില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. മണല്‍കടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02