‘കേന്ദ്ര ഏജൻസികൾ നടത്തിയ എല്ലാ പ്രചാരവേലകളും അതിജീവിച്ചാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്’; എം വി ​ഗോവിന്ദൻ മാസ്റ്റർ


പാർട്ടി സമ്മേളനത്തിന് ശേഷം കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വീണ്ടും പ്രവേശിച്ചു കഴിഞ്ഞുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വലതുപക്ഷ മാധ്യമങ്ങളുമായി ചേർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ എല്ലാ പ്രചാരവേലകളെയും അതിജീവിച്ചാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. കാര്യങ്ങൾ രാഷ്ട്രീയപരമായി കൈകാര്യം ചെയ്യുക എന്ന രീതിയിലാണ് തുടക്കം മുതലുള്ള ഇഡിയുടെ പ്രവർത്തനം. നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് കെ രാധാകൃഷ്ണനെതിരായ നീക്കം. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. എങ്ങനെ അപവാദ പ്രചാരണങ്ങളിലൂടെ ഇടതുപക്ഷത്തെ തകർക്കാം എന്നതാണ് കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും നീക്കം. ഈ ഗൂഢാലോചന ജനങ്ങൾ മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. രാഷ്ട്രീയ അവലോകന റിപ്പോർട്ട് എം എ ബേബി അവതരിപ്പിച്ചു. പാർട്ടിയുടെ കരുത്ത് എടുത്തുകാട്ടിയ സമ്മേളനമാണ് കൊല്ലത്ത് നടന്നത്. ഓരോ സമ്മേളനവും പാർട്ടിയെ സംബന്ധിച്ചിടത്തോളം നവീകരണ പ്രക്രിയയാണ്. സാംസ്കാരിക രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്തുക പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. തുഷാർ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത നിലനിൽക്കുന്ന കേരളത്തിൽ ഇതൊന്നും നടക്കില്ല. സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചത് ശ്ലാഘനീയം. അഭിപ്രായസ്വാതന്ത്ര്യം പാടില്ലെന്ന സംഘപരിവാർ നിലപാടാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തിൽ ചെലവാക്കില്ലെങ്കിലും നിലനിൽക്കുന്നു എന്നത് അതീവ ഗൗരവത്തോടെ കാണണം. അത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർന്നു വരണമെന്നും കോൺഗ്രസുകാർക്ക് എന്താണിതിൽ പറയാനുള്ളത് എന്നത് ജനം കാതോർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ പത്മകുമാറിന്റെ പരസ്യ പ്രതികരണം സ്വാഭാവികമായും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒന്നും ചർച്ച ചെയ്തിട്ടില്ല. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു എന്നത് സംഘടനാപരമായി തെറ്റാണ്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകും. അതിൽ ആര് ചെയ്തു എന്നതിനല്ല പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ നേതൃത്വം ആണ് പാർട്ടി ഉദ്ദേശിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയെ നവീകരിക്കുക എന്നത് ബ്രാഞ്ച് തലം മുതൽ നടന്ന കാര്യമാണ്. സംഘടനാപരമായ ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്യും. അത് മാധ്യമങ്ങൾ പറയേണ്ടതില്ല. ഈർഷ്യയോടെ പെരുമാറിയാൽ മാധ്യമങ്ങളോട് അങ്ങനെ മാത്രമേ പെരുമാറാൻ പറ്റൂ. പക്ഷേ അത് ഞാൻ പരമാവധി കുറച്ചാണ് പറയുന്നത്. എത്രകാലം പ്രവർത്തിച്ചു എന്നുള്ളതല്ല കാര്യം. പഴയ നേതാക്കളും പുതിയവരും ചേർന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നത്. മെറിറ്റും മൂല്യവുമാണ് മാനദണ്ഡം. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02