പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും പ്രധാനം




കണ്ണൂർ:  നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയതതിനെ തുടർന്ന് ഉണ്ടാകുന്ന മുറിവ് സാരമുള്ളത് അല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമ ശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷനാണ്. രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകൾ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മ സ്തരത്തിലൂടെയും വൈറസ് ശരീരത്തിൽ കടക്കാം. മുറിവിന് കൃത്യമായ ചികിത്സ നൽകുക എന്നത് പേവിഷബാധ പ്രതിരോധത്തിൽ പ്രധാനമാണ്. മുറിവേറ്റ ഭാഗം എത്രയും വേഗം സോപ്പ് ഉപയോഗിച്ച് ധാരയായി ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. ഇതുവഴി രോഗസാധ്യത 80 ശതമാനം വരെ കുറയ്ക്കാം. മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കരുത്. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വൈറസ് പകരാനിടയാക്കും. കഴുകിയതിന് ശേഷം മുറിവിൽ അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാം. മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. വൈകാതെ ആസ്പത്രിയിൽ ചികിത്സ തേടുക.വാക്സിനേഷനാണ് പേവിഷബാധ പ്രതിരോധിക്കാനുള്ള ഏക മാർഗം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനെടുക്കാം. മുറിവിന്റെ തീവ്രത അനുസരിച്ച് ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ, ആന്റി റാബീസ് സീറമോ അല്ലെങ്കിൽ ഹ്യുമൺ റാബീസ് ഇമ്യൂണോഗ്ലോബുലിനോ കുത്തിവെക്കുകയാണ് ചെയ്യുക.0, 3, 7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് ‘0’ ഡോസ്. മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. സർക്കാർ ആസ്പത്രികളിൽ ഐ ഡി ആർ വി സൗജന്യമായി ലഭ്യമാണ്. വൈറസിനെ വേഗത്തിൽ പ്രതിരോധിക്കാനുള്ള കഴിവ് ആന്റി റാബീസ് സീറം, ഇമ്യൂണോഗ്ലോബുലിൻ എന്നിവയ്ക്കുണ്ട്. ആന്റി റാബീസ് വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റി ബോഡികൾ ഉണ്ടായി വരാനെടുക്കുന്ന കാലയളവിൽ ഇവ സുരക്ഷ ഉറപ്പാക്കും. ഇമ്യൂണോഗ്ലോബുലിൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ ലഭ്യമാണ്. ജില്ലാ ആസ്പത്രിയിൽ എ ആർ എസ് ആണ് നൽകുന്നത്. ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02