‘ജനകീയാസൂത്രണത്തില്‍ വിശാല യോജിപ്പിന്റെ മാതൃകയായിരുന്നു മലപ്പുറം’; വിജ്ഞാന കേരളം കാമ്പയിനിലും ഇത് ആവര്‍ത്തിക്കുമെന്ന് ഡോ. തോമസ് ഐസക്


ജനകീയാസൂത്രണത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായുള്ള പ്രാദേശിക വികസനത്തിലെ വിശാലമായ യോജിപ്പിന്റെ നല്ല മാതൃകയായിരുന്നു മലപ്പുറം ജില്ല. ഈയൊരു അനുഭവം വിജ്ഞാന കേരളം കാമ്പയിനും ആവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു സയ്ദ് മുനവര്‍ അലി ശിഹാബ് തങ്ങളുടെ പ്രതികരണമെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തൊഴില്‍ദാതാവ് ഇന്റര്‍വ്യൂ നടത്തി കക്ഷിഭേദമില്ലാതെ തൊഴില്‍ അന്വേഷകരില്‍ നിന്ന് അവര്‍ മികച്ചവരെന്നു കണ്ടെത്തുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ എന്ത് രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകാനാണ്? ഈയൊരു സമീപനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മലപ്പുറം കളക്ടറേറ്റില്‍ നടന്ന പരിശീലനത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഡി ആര്‍ പിമാരുടെ (ഡിസ്ട്രിക്‌സ് റിസോഴ്‌സ് പേഴ്‌സണ്‍സ്) സാന്നിധ്യം. ഇവര്‍ക്കു പുറമേ മറ്റു ചിലരെ കൂടി ഡി ആര്‍ പിമാരായി ഉള്‍ക്കൊള്ളിക്കണമെന്ന് ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനത്തിന് അഭിപ്രായമുണ്ടെങ്കില്‍ അതിനു പ്രയാസമില്ല. അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുവേണം മുന്നോട്ടു പോകാന്‍ എന്നാണു ധാരണ.

മാത്രമല്ല, അടുത്തതായി നടക്കാന്‍ പോകുന്നത് ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍സിന്റെ ബ്ലോക്ക്- മുനിസിപ്പല്‍തല പരിശീലനമാണ്. ഓരോ വാര്‍ഡിന് 2-3 എല്‍ആര്‍പിമാര്‍ വീതം ആകാം. സന്തോഷം തോന്നിയത് പ്രായം അവഗണിച്ച് പഴയ ജനകീയാസൂത്രകരില്‍ പലരും എത്തിച്ചേര്‍ന്നതിലാണ്. അന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ തന്നെയാണ് ഇന്ന് കിലയുടെ കോര്‍ഡിനേറ്റര്‍. മോഹനന്‍ കോട്ടയ്ക്കല്‍ മുന്നില്‍ തന്നെ ഇരുന്നിരുന്നു. ബീനാ സണ്ണിയും. കെ എം റഷീദ് ഇന്ന് കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിയാണ്. ഹേമലതയാണ് വിജ്ഞാനകേരളം ഡി എം സി. ദീര്‍ഘനാള്‍ മലപ്പുറം കുടുംബശ്രീ ഡി എം സി ആയി പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഭര്‍ത്താവ് പ്രവീണ്‍ അറിയപ്പെടുന്ന ഒരു എന്‍ട്രന്‍സ് കോച്ചിങ് ട്രെയിനറാണ്. അതും ഒരു മുതല്‍ക്കൂട്ടാണ്. മലപ്പുറം ക്യാമ്പയിന്റെ പ്രത്യേകത വര്‍ക്ക് നിയര്‍ ഹോം പരിപാടിക്ക് നല്‍കുന്ന ഊന്നലായിരിക്കും. സ്ത്രീകള്‍ക്കു നൈപുണി പരിശീലനം നല്‍കി വീണ്ടും തൊഴില്‍ കരിയര്‍ തുടരാന്‍ സഹായിക്കുക. അതോടൊപ്പം ഗള്‍ഫില്‍ നിന്ന് തൊഴിലുകള്‍ സമാഹരിക്കാന്‍ പ്രത്യേക പരിശ്രമം നടത്തും. ആദ്യത്തെ മെഗാ തൊഴില്‍മേള ജൂണ്‍ മാസം ആയിരിക്കും. അതിനു മുമ്പുതന്നെ ചെറു തൊഴില്‍മേളകള്‍ ആകാം. ഇതിനുപുറമേ ഏപ്രില്‍ 22 മുതല്‍ എല്ലാ മാസവും രണ്ടോ മൂന്നോ തവണ ഓണ്‍ലൈനായുള്ള തൊഴില്‍ ഡ്രൈവുകളുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02