പാലക്കാട് നെന്മാറ ഇരട്ടക്കൊലയില്‍ സുധാകരന്‍റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടയാളെ തേടിപ്പിടിച്ച് അന്വേഷണസംഘം. കേസില്‍ ആദ്യത്തെ നിര്‍ണായക ദൃക്സാക്ഷിയാണ് ഒരുമാസത്തിന് ശേഷം പൊലീസിന് മൊഴിനല്‍കിയത്. ചെന്താമരയെ പേടിച്ച് നാട് വിട്ട യുവാവിനെ നെല്ലിയാമ്പതിയിലെ ജോലി സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.സുധാകരനെയും, അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുന്നത് ആരും കണ്ടിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തത്. ജാമ്യം നല്‍കണം–ഇതായിരുന്നു കോടതിയില്‍ ചെന്താമരയുടെ വാദം. ഈ നിലപാടിനെ പൂര്‍ണമായും തള്ളുന്ന സാക്ഷിയെ ആണ് കണ്ടെത്തിത്. ലക്ഷ്മിയെ ചെന്താമര ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ട ഒരേയൊരു സാക്ഷി. കൊലപാതകം കണ്ടതിന് പിന്നാലെ ചെന്താമരയെ പേടിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.ചെന്താമരയെപ്പേടിച്ച് നെല്ലിയാമ്പതിയിലെ തൊഴിലിടത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്‍റെ മൊഴി രേഖപ്പെടുത്തുക ഏറെ ശ്രമകരമായിരുന്നു. ചെന്താമര ജാമ്യം നേടാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഇയാളും. മൊഴി നല്‍കിയാല്‍ ഭാവിയില്‍ തന്നെയും വകവരുത്തുമെന്ന് കരുതിയാണ് ഓടിപ്പോയതെന്ന് യുവാവ്. ചെന്താമര കൊലപ്പെടുത്താനുള്ളവരുടെ പട്ടികയില്‍പ്പെടുത്തിയിരുന്ന അയല്‍വാസി പുഷ്പ ഉള്‍പ്പെടെ എട്ടുപേര്‍ ചിറ്റൂര്‍ കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രഹസ്യമൊഴി നല്‍കും. ചെന്താമര പുറത്തിറങ്ങുമെന്ന ആശങ്ക ഇപ്പോഴും നാട്ടുകാര്‍ക്കുണ്ട്. രഹസ്യ മൊഴി കൊടുക്കാന്‍ പോകുന്നവരൊക്കെ പേടിയോടെയാണ് ചെന്താമരയുടെ ജാമ്യത്തിനുള്ള ശ്രമത്തെക്കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ ആദ്യം പകച്ച് നിന്നവര്‍ പോലും അന്വേഷണസംഘത്തിനോട് സഹകരിക്കുന്നുണ്ട്. അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ആലത്തൂര്‍ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം.
WE ONE KERALA -NM
Post a Comment