പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ മഴ ലഭിച്ചത് ആശ്വാസമായെങ്കിലും വേനൽക്കാല രോഗങ്ങളെ കരുതിയിരിക്കണം. വേനൽക്കാല സൂര്യൻ കണ്ണുകൾക്ക് ദോഷം ചെയ്യും. അന്തരീക്ഷത്തിലെ ഊഷ്മാവ് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുന്നത് നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ കണ്ണിൽ അണുബാധയ്ക്കും കാരണമാകാം.
ചെങ്കണ്ണ്
കണ്ണിന്റെ നേർത്ത സുതാര്യമായ പാളിയായ കൺജങ്‌റ്റൈവ എന്ന കോശഭിത്തിയിൽ ഉണ്ടാകുന്ന അണുബാധയാണ് കൺജംഗ്‌വൈറ്റിസ് അഥവാ ചെങ്കണ്ണ്. ബാക്ടീരിയയോ വൈറസോ മൂലമുള്ള അണുബാധയാണ് പ്രധാന കാരണം. തത്ഫലമായി ഈ ഭാഗത്തേക്ക് താൽക്കാലികമായി രക്തപ്രവാഹം കൂടുകയും കണ്ണിന് ചുവപ്പുനിറം, കണ്ണുനീരൊലിപ്പ്, കൺപോളകൾക്ക് വീക്കം, പീളകെട്ടൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുകയും ചെയ്യും. പകർച്ചവ്യാധിയായതിനാൽ ചെങ്കണ്ണ് ഉണ്ടെങ്കിൽ സ്വയം ഐസൊലേഷൻ സ്വീകരിക്കണം. അണുബാധയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക. രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന ടവ്വലുകൾ, വ്യക്തിഗത ഉൽപ്പന്നങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്. വൈറസ് കൂടാതെ ബാക്ടീരിയ, ഫംഗസ് എന്നിവയും അണുബാധയ്ക്ക് കാരണമാകാം. അതിനാൽ മരുന്ന് ഉപയോഗിക്കും മുമ്പ് നേത്രരോഗ വിദഗ്ധനെ സമീപിക്കണം.
സ്റ്റൈ
കൺപോളകളിലെ ഗ്രന്ഥികളിലുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് സ്റ്റൈ. ഗ്രന്ഥികളിൽ പഴുപ്പും വേദനയും ചുവപ്പ് കൺപോള വീക്കവും ലക്ഷണങ്ങളാണ്. ചൂടുള്ള കംപ്രസ്സുകൾ ഉപയോഗിച്ചാണ് സ്റ്റൈ ചികിത്സ. ഇതോടൊപ്പം നേത്രരോഗ വിദഗ്ധന്റെ നിർദേശപ്രകാരം തുള്ളിമരുന്നുകളും ഉപയോഗിക്കേണ്ടതാണ്. പ്രമേഹരോഗികളിലും ആവർത്തിച്ച് സ്റ്റൈ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
ഡ്രൈ ഐ സിൻഡ്രോം
ടിയർ ഫിലിമിന്റെ സ്ഥിരത നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന ഏതെങ്കിലും ടിയർ ഫിലിം ഘടകങ്ങളുടെ അഭാവമാണ് ഡ്രൈ ഐ സിൻഡ്രോം. വരണ്ട കണ്ണുകളുടെ ലക്ഷണങ്ങൾ നീറ്റൽ, ചുവപ്പ്, വേദന, മണൽ വാരിയിട്ട പോലെ അസ്വസ്ഥത, ഫോട്ടോ സെൻസിറ്റിവിറ്റി അഥവ പ്രകാശത്തെ സഹിക്കാനുള്ള കഴിവില്ലായ്മ) എന്നിവയാണ്. ടിയർ ഫിലിം ഘടകത്തിന്റെ കുറവിനെ അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ ടിയർ സബ്സ്റ്റിറ്റിയൂട്ട്സ് നിർദേശിക്കുന്നത് ചികിത്സയിൽ ഉൾപ്പെടുന്നു.
നല്ല വ്യക്തി ശുചിത്വം പാലിക്കുക.
1. കണ്ണുകളിൽ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
2. ധാരാളം വെള്ളം കുടിച്ചും പോഷകങ്ങളാൽ സമ്പുഷ്ടമായ ദ്രാവകങ്ങൾ കഴിച്ചും ശരീരത്തിലെ ജലാംശം സംരക്ഷിക്കുക.
3. സൺഗ്ലാസ്സുകൾ ഉപയോഗിച്ച് കണ്ണുകളെ പൊടി, അഴുക്ക്, മാരകമായ അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുക.
4. ബ്ലൂ ഫിൽറ്റർ ലെൻസുകൾ ദോഷകരമായ നീല രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കും.
5. നന്നായുള്ള ഉറക്കം നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമിക്കാനും സുഖപ്പെടുത്താനും അവസരം നൽകുന്നു. അതു വഴി കണ്ണുകളുടെ ആരോഗ്യം നിലനിർത്താനാകും
Post a Comment